ഇടതു മുന്നണി പ്രവേശം ഐ എന്‍ എല്ലില്‍ അമര്‍ഷം പുകയുന്നു

Posted on: January 2, 2014 12:57 am | Last updated: January 1, 2014 at 11:58 pm

inl flagകോഴിക്കോട്: ഇരുപത് വര്‍ഷത്തോളം നിരുപാധിക പിന്തുണ നല്‍കിയിട്ടും ഇടതു മുന്നണിയില്‍ എടുക്കാത്തതില്‍ ഐ എന്‍ എല്ലില്‍ പ്രതിഷേധം ശക്തമാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി അഞ്ചംഗ സമിതിയെ ഐ എന്‍ എല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ സമിതിയുടെ നേതൃത്വത്തില്‍ മുന്നണി പ്രവേശ വിഷയത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമായ ഒരു നിലപാട് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്.

കേരളത്തില്‍ കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വടകര, പൊന്നാനി എന്നീ അഞ്ച് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാന്‍ ഐ എന്‍ എല്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ എല്‍ ഡി എഫുമായി സീറ്റ് ധാരണയിലെത്താനും മുന്നണിയുടെ ഭാഗമാകാനും കഴിഞ്ഞില്ലെങ്കില്‍ അഞ്ച് സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന സൂചനയാണ് ഐ എന്‍ എല്‍ നേതൃത്വം നല്‍കുന്നത്. വരുന്ന 18, 19 തീയതികളില്‍ നടക്കുന്ന ദേശീയ കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യും. എല്‍ ഡി എഫ് ഘടകക്ഷികളുമായി ആശയ വിനിമയം നടത്തുമ്പോള്‍ ഐ എന്‍ എല്‍ മുന്നണിയില്‍ വരുന്നതില്‍ തടസ്സമില്ലെന്നാണ് മറുപടി നല്‍കുന്നത്. എന്നാല്‍ എല്‍ ഡി എഫ് തീരുമാനം കൈക്കൊള്ളുന്നില്ല. മുന്നണിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് ഇപ്പോഴുള്ള തടസ്സം എന്തെന്ന ആശങ്ക ഐ എന്‍ എല്‍ അണികളില്‍ വ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മുന്നണിപ്രവേശം ആവശ്യപ്പെട്ട് ഐ എന്‍ എല്‍ നിരന്തരം എല്‍ ഡി എഫുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്‍ ഡി എഫ് നേതാക്കളെയും പ്രത്യേകിച്ച് സി പി എം നേതൃത്വത്തെയും കത്തുകള്‍ മുഖേനയും നേരിട്ടും ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി സി പി എം പാര്‍ട്ടി പ്ലീനത്തിന് തൊട്ടുമുമ്പ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോഴിക്കോട്ട് വന്നപ്പോള്‍ അദ്ദേഹവുമായി ഐ എന്‍ എല്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. മുന്നണിയില്‍ ഐ എന്‍ എല്‍ വരുന്നതിന് എല്‍ ഡി എഫിലെ എല്ലാ പാര്‍ട്ടികളും അനുകലൂമാണെന്നാണ് പിണറായി മറുപടി നല്‍കിയത്. നേരത്തെ എല്‍ ഡി എഫിലെ ചില പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ആ വിയോജിപ്പും ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ എല്‍ ഡി എഫ് തീരുമാനം എടുക്കുമെന്നാണ് പിണറായി പറഞ്ഞിരുന്നത്.
എന്നാല്‍ പിന്നീടൊന്നുമുണ്ടായില്ല. എല്‍ ഡി എഫിലെ ഘടകക്ഷികളെ ഒറ്റക്ക് ഐ എന്‍ എല്‍ നേതാക്കള്‍ കണ്ടിരുന്നു. മുന്നണി പ്രവേശത്തിന് തങ്ങള്‍ തടസ്സമല്ലെന്നാണ് ഇവരും അറിയിച്ചത്. സര്‍ക്കാറിനെതിരെ ഐ എന്‍ എല്‍ നടത്തുന്ന സമരങ്ങളില്‍ വി എസ് അടക്കമുള്ള എല്‍ ഡി എഫ് നേതാക്കള്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.
തീരുമാനം വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാത്തതിലാണ് ഐ എന്‍ എല്ലിന് അമര്‍ഷമെന്ന് പ്രമുഖ നേതാവ് പ്രതികരിച്ചു. ഐ എന്‍ എല്‍ രൂപവ്തകരിച്ചത് മുതല്‍ വര്‍ഗീയത അടക്കമുള്ള വിഷയങ്ങളില്‍ എല്‍ ഡി എഫിന്റെ പ്രഖ്യാപിത നിലപാടിനൊപ്പമാണ് നിലകൊണ്ടത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മുസ്‌ലിംകള്‍ ആയതുകൊണ്ടാണോ മാറ്റി നിര്‍ത്തുന്നതെന്ന് ഒരു ഐ എന്‍ എല്‍ നേതാവ് ചോദിച്ചു.
1994 ഏപ്രില്‍ 27ന് പാര്‍ട്ടി രൂപവത്കരിച്ചതുമുതല്‍ എല്‍ ഡി എഫിനെ ഐ എന്‍ എല്‍ പിന്തുണച്ചുകൊണ്ടിരിക്കുകയാണ്. 1996ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്ലിന്റെ പിന്തുണയില്‍ മലപ്പുറത്തെ അഞ്ച് മുനിസിപ്പാലിറ്റികളുടെയും ഭൂരിപക്ഷം പഞ്ചായത്തുകളുടെയും ഭരണം എല്‍ ഡി എഫ് പിടിച്ചടക്കിയിരുന്നു. യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ട് ഐ എന്‍ എല്ലിനെ പോലെയുള്ള ഒരു പാര്‍ട്ടിയെ ഒപ്പം നിര്‍ത്താനാണ് സി പി എം ശ്രമിക്കേണ്ടതെന്ന് ഐ എന്‍ എല്‍ നേതാക്കള്‍ പറയുന്നു.