ഡി ജി പിയുടെ ഉത്തരവ് സര്‍ക്കാര്‍ രഹസ്യമായി പിന്‍വലിച്ചു

Posted on: January 2, 2014 12:56 am | Last updated: January 1, 2014 at 11:57 pm

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വരുമാന സ്രോതസ്സ്് സംബന്ധിച്ച് അറിയിക്കണമെന്ന ഡി ജി പിയുടെ ഉത്തരവ് ഇരുചെവിയറിയാതെ സര്‍ക്കാര്‍ പിന്‍വലിച്ചതായി വിവരാവകാശ രേഖ. അവിഹിത സ്വത്ത് സംബന്ധിച്ച് ആരോപണം നേരിടുന്ന ടോമിന്‍ തച്ചങ്കരി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരുമാന വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ മെയ് മാസത്തിലാണ് ഇതു സംബന്ധിച്ച ഉത്തരവ് പിന്‍വലിച്ച് സര്‍ക്കുലര്‍ ഡി ജി പി പുറപ്പെടുവിച്ചത്.
2013 മെയ് 31ന് ഡി ജി പി. കെ എസ് ബാലസുബ്രഹ്്മണ്യം ഇറക്കിയ 13 / 2013 നമ്പര്‍ സര്‍ക്കുലറിലാണ് വരുമാന സ്രോതസ്സ്് സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം അഡ്വ. ഡി ബി ബിനു നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഉത്തരവ് പിന്‍വലിച്ച കാര്യം പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ അറിയിച്ചത്. സര്‍ക്കുലറിന്റെ കോപ്പിയും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ വിവാദം ഭയന്ന് ഇത്തരമൊരു ഉത്തരവ് ഇറക്കിയ കാര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നു. കേരള പോലീസിന്റെ വെബ് സൈറ്റില്‍ ഉത്തരവ് ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിവില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന സമയത്താണ് 2011 ജൂണ്‍ 17ന് പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെയും വരുമാന സ്രോതസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വകുപ്പിനെ അറിയിക്കണമെന്ന ഉത്തരവ് അന്നത്തെ ഡി ജി പി. ജേക്കബ് പുന്നൂസ് പുറത്തിറക്കിയത്. സംസ്ഥാനത്ത് നടക്കുന്ന വിവിധ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുമായും തട്ടിപ്പുകളുമായും ഗുണ്ടാ, മാഫിയാ സംഘങ്ങളുമായും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വരുമാന സ്രോതസ്സ്് അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
സംസ്ഥാനത്തെ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമായും അല്ലാതെയും ലഭിക്കുന്ന മൊത്തം വാര്‍ഷിക വരുമാനത്തിന്റെ വിവരങ്ങളും ഓരോ ഉദ്യോഗസ്ഥനും അയാള്‍ ജോലി ചെയ്യുന്ന യൂനിറ്റിന്റെ മേധാവിക്ക് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥനോ അയാളുടെ ഭാര്യയോ മക്കളോ ഏതെങ്കിലും വ്യാപാരസ്ഥാപനത്തിന്റെയോ കച്ചവട സ്ഥാപനത്തിന്റെയോ ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പിന്റെയോ കമ്പനിയുടെയോ ഭാരവാഹിയോ, ഡയറക്ടറോ, ഉദ്യോഗസ്ഥനോ, ഏജന്റോ ആണെങ്കില്‍ അതിന്റെ വിവരങ്ങളും ഉദ്യോഗസ്ഥന് സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള വാഹനങ്ങളുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥന്റെ ഭാര്യക്കും മക്കള്‍ക്കുമുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ വരുമാനത്തിന്റെ സ്രോതസുകളുടെ വിവരങ്ങളും സമര്‍പ്പിക്കണമെന്നായിരുന്നു ഉത്തരവ്. എസ് ഐ തസ്തികയിലുള്ളവര്‍ ജില്ലാ പോലീസ് മേധാവിക്കും സി ഐ റാങ്കിലുള്ളവര്‍ ഐ ജിക്കോ, ഡി ഐ ജിക്കോ, ഡിവൈ എസ് പി റാങ്കിലുള്ളവര്‍ എ ഡി ജി പിക്കും എസ് പി റാങ്കിലും അതിന് ഉയര്‍ന്ന റാങ്കിലുമുള്ളവര്‍ സംസ്ഥാന പോലീസ് മേധാവിക്കുമാണ് റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്.
വരുമാന സ്രോതസ്സ് നല്‍കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിവകാവകാശ പ്രകാരം ആവശ്യപ്പെട്ടപ്പോള്‍ 2013 മാര്‍ച്ച് 19ന് പോലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയ മറുപടിയില്‍ ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉണ്ടായിരുന്നു.
ഐ ജി സഞ്ജീവ് കുമാര്‍ പട്‌ജോഷി, എസ് പിമാരായ കെ ബി ബാലചന്ദ്രന്‍, പി എച്ച് അഷ്‌റഫ്, പുട്ട വിമലാദിത്യ, സതീഷ് ബിനോ, അജീതാ ബീഗം, ജി സുരേഷ്‌കുമാര്‍, കെ ബി വേണുഗോപാല്‍ , സക്കറിയ ജോര്‍ജ്, അബ്ദുല്‍ കരീം, സൈഫുല്ല സെയ്ദ്, അലക്‌സ് കെ ജോണ്‍, ഇ ഷറഫുദ്ദീന്‍, കെ കെ അബ്ദുല്‍ ഹമീദ്, പി രാധാകൃഷ്ണന്‍, എ ദിവാകരന്‍, ജി സോമശേഖരന്‍, എന്‍ രാമചന്ദ്രന്‍, കെ രാധാകൃഷ്ണന്‍, എ കെ ജമാലുദ്ദീന്‍ എന്നീ ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്ന് രണ്ട് മാസത്തിനുള്ളിലാണ് സര്‍ക്കുലര്‍ പിന്‍വലിച്ച് ഡി ജി പി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.