Connect with us

Kannur

സി പി എമ്മിന്റെ കുടിയേറ്റ സെമിനാറില്‍ മാണി വിഭാഗം പങ്കെടുക്കും

Published

|

Last Updated

കണ്ണൂര്‍: മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവുമെന്ന പേരില്‍ സി പി എം കണ്ണൂരില്‍ നടത്തുന്ന സെമിനാറില്‍ പങ്കാളിയായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കണ്ണൂരിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ നടക്കുന്ന സെമിനാറിലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കൂടി പങ്കാളിത്തം സി പി എം ഉറപ്പിച്ചത്. നാളെ ആലക്കോട്ട് നടക്കുന്ന ആദ്യ കുടിയേറ്റ സെമിനാറില്‍ എല്‍ ഡി എഫ് ഘടകകക്ഷികളോടൊപ്പം മാണി വിഭാഗത്തിന്റെ സംസ്ഥാന, ജില്ലാ നേതാക്കളും വേദി പങ്കിടും.

ഇടതുപക്ഷവും മലബാറിലെ മുസ്‌ലിംകളും എന്ന വിഷയത്തില്‍ നേരത്തെ കണ്ണൂരില്‍ സെമിനാര്‍ സംഘടിപ്പിച്ച പാട്യം ഗോപാലന്‍ സ്മാരക പഠനഗവേഷണ കേന്ദ്രമാണ് കുടിയേറ്റ സെമിനാറും സംഘടിപ്പിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചെയര്‍മാനായ പാട്യം ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ എന്‍ എസ് എസ്, എസ് എന്‍ ഡി പി നേതൃത്വങ്ങളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
സംസ്ഥാനത്താദ്യമായാണ് സി പി എമ്മിന്റെ നേതൃത്വത്തില്‍ കൃസ്ത്യന്‍ വോട്ട് ലക്ഷ്യമിട്ട് ഇത്തരത്തിലൊരു സെമിനാര്‍ നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. നാളെ നടക്കുന്ന ആദ്യ സെമിനാറില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. എ ജെ ജോസഫും മാണി ഗ്രൂപ്പിന്റെ ജില്ലാ പഞ്ചായത്തംഗം കൂടിയായ സജി കുറ്റിയാനിമറ്റവുമാണ് പങ്കെടുക്കുന്നത്. മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും എന്ന പേരിലാണ് രണ്ട് സെമിനാറുകള്‍ കണ്ണൂരിലെ കൃസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ ഇരിട്ടിയിലും ആലക്കോട്ടും സംഘടിപ്പിക്കുന്നത്. പിണറായി വിജയനാണ് പൊതു സമ്മേളന ഉദ്ഘാടകന്‍. ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും സംസാരിക്കുണ്ട്്. എന്‍ എസ് എസ്, എസ് എന്‍ ഡി പി പ്രതിനിധികളെയും പങ്കെടുപ്പിക്കുന്നുണ്ട്. പാലക്കാട്ട് കഴിഞ്ഞമാസം നടന്ന സി പി എം പ്ലീനത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവായ മന്ത്രി കെ എം മാണി പങ്കെടുത്തിരുന്നു. ഇരിട്ടിയില്‍ ഈ മാസം 11ന് നടക്കുന്ന സെമിനാറില്‍ എന്‍ എസ് എസ് നേതാവ് പ്രൊഫ. ജി സുകുമാരന്‍ നായരെയും ക്ഷണിച്ചിട്ടുണ്ട്. രണ്ട് സെമിനാറുകളിലും എന്‍ എസ് എസ്, എസ് എന്‍ ഡി പി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.