ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം

Posted on: January 2, 2014 6:00 am | Last updated: January 1, 2014 at 11:52 pm

SIRAJ.......മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം യാഥാര്‍ഥ്യമായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രിസഭയിലേക്കില്ലെന്ന മുന്‍നിലപാട് തിരുത്താന്‍ ചെന്നിത്തല തയാറായത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയടക്കം ഇടപെട്ടിട്ടും പരിഹൃതമാകാതിരുന്ന പ്രശ്‌നം എ കെ ആന്റണിയുടെ മുന്‍കൈയാലാണ് ഒത്തുതീര്‍പ്പായത്.
ഐ ഗ്രൂപ്പിന്റെയും എന്‍ എസ് എസിന്റെയു സമ്മര്‍ദത്തെ തുടര്‍ന്ന് നേരത്തെ രണ്ട് തവണ ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നതാണ്. മന്ത്രിസഭയിലെ വകുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഉടക്കിയാണ് അത് നടക്കാതെ പോയത്. കോണ്‍ഗ്രസിലെയും കേരള രാഷ്ട്രീയത്തിലെയും പ്രമുഖനായ നേതാവെന്ന നിലയില്‍ ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് ലഭിക്കണമെന്ന് ഐ ഗ്രൂപ്പിന് നിര്‍ബന്ധമുണ്ടായിരുന്നു. വിട്ടുകൊടുക്കാന്‍ എ ഗ്രൂപ്പും തിരുവഞ്ചൂരും വിസമ്മതം പ്രകടിപ്പിച്ചു. തുടര്‍ന്ന് ചെന്നത്തലക്ക് ഉപമുഖ്യമന്ത്രിപദം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഘടക കക്ഷികള്‍ വിയോജിപ്പ് പ്രക്രടിപ്പിച്ചതോടെ അതും വിഫലമായി. ഇപ്പോള്‍ പാര്‍ട്ടി തീരുമാനത്തിന് വഴങ്ങി ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാന്‍ തിരുവഞ്ചൂര്‍ സമ്മതിച്ചതോടെയാണ് അനുരഞ്ജനം സാധ്യമായത്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയായിരിക്കുമെന്നാണ് ഈയിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വ്യക്തമായ സൂചന. മോദി ഇഫക്ടായിരുന്നു ഇതുവരെ പാര്‍ട്ടിയുടെ മുമ്പിലുണ്ടായിരുന്ന പ്രധാന കടമ്പ. അതിനെ മറികടന്നു ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ മികച്ച വിജയം കോണ്‍ഗ്രസ് നേതത്വത്തെ ഞെട്ടിക്കുകയും ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പരിണതിയാണ് കേരള ഘടകത്തിലെ ഭിന്നിപ്പിന് ആക്കം കൂട്ടിയ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള തിരക്കിട്ട ശ്രമാങ്ങള്‍. അത് ഫലം കണ്ട സാഹചര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കിടയിലെ ഭിന്നതയുടെ രൂക്ഷത കുറക്കാനും ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനും കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തോടൊപ്പം സംസ്ഥാനത്തെ ജനങ്ങളും പ്രതീക്ഷയോടെയാണ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ നോക്കിക്കാണുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെയും പടലപ്പിണക്കത്തിന്റെയും കെടുതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ മാത്രമല്ല, ഭരണ മേഖലയെയും ബാധിച്ചിട്ടുണ്ട്. നിയമസഭ സ്തംഭിക്കുന്നതുള്‍പ്പെടെയുളള പ്രതിപക്ഷത്തിന്റെ സമര പരമ്പരകള്‍ക്കൊപ്പം കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും ശക്തമായതോടെ ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും അത്തരം പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരികയും ഭരണ കാര്യങ്ങള്‍ക്ക് സമയം തികയാതെ വരികയുമുണ്ടായി. ‘അതിവേഗം ബഹുദൂരം’ മുദ്രാവാക്യവുമായി ഭരണത്തിലേറിയ ഉമ്മന്‍ ചാണ്ടിക്ക് ഭരണരംഗത്ത് ഏറെയൊന്നും മുന്നേറാന്‍ കഴിയാതിരുന്നത് ഇതുകൊണ്ടാണെന്ന് കരുതപ്പെടുന്നു.
ആദര്‍ശ രാഷ്ട്രീയം അധികാര രാഷ്ട്രീയത്തിന് വഴിമാറിയതോടെ പാര്‍ട്ടികളില്‍ ചേരിതിരിവും ഭിന്നതയും സാര്‍വത്രികമായിരിക്കയാണ്. ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ പോലും അടിക്കടി ഭിന്നിക്കുകയും പിളരുകയും ചെയ്യുന്ന സമകാലിക രാഷ്ട്രീയ പരിസ്ഥിതിയില്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ ഇത്തരം പ്രവണതകള്‍ രൂപപ്പെടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഗ്രുപ്പിസം ഭരണ തലത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ അത് ജനങ്ങളെക്കൂടി ബാധിക്കുകയും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ടായിരിക്കണം. വികസനത്തില്‍ മറ്റു സംസ്ഥാനങ്ങളെ മറികടന്നു ‘കേരള മോഡല്‍’ തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന നമ്മുടെ അഹങ്കാരത്തിന് തിരിച്ചടിയേകി പല രംഗത്തും സംസ്ഥാനം പിന്നോട്ടടിക്കുന്നതില്‍ കക്ഷികള്‍ക്കിടയിലെയും ഗ്രൂപ്പുകള്‍ക്കിടയിലെയും അനാരോഗ്യകരമായ മത്സരങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും കാര്യമായ പങ്കുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങളെ ജലരേഖകളാക്കിയും തങ്ങളെ അധികാരത്തിലേറ്റിയ ജനതയുടെ താത്പര്യങ്ങള്‍ വിസ്മരിച്ചും ഗ്രുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സമയം തുലക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധമാകേണ്ടതുണ്ട്.