സംസ്ഥാന ബജറ്റ് 24ന്

Posted on: January 2, 2014 6:00 am | Last updated: January 3, 2014 at 8:29 am

K.M. Maniതിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ഈ മാസം 24ലേക്ക് മാറ്റാന്‍ ആലോചന. 17ന് അവതരിപ്പിക്കാനാണിരുന്നതെങ്കിലും എ ഐ സി സി സമ്മേളനം നടക്കുന്നതിനാലാണ് മാറ്റുന്നത്. അന്തിമ തീരുമാനം മൂന്നിന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലുണ്ടാകും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് കക്ഷികളുടെ സഹകരണം അഭ്യര്‍ഥിച്ചു. സഭാനടപടികള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നാളെ ഗവര്‍ണര്‍ നിഖില്‍കുമാറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങുക. കെ എം മാണിയുടെ 12ാമത് ബജറ്റാണ് ഇത്. അവതരണത്തിന് ശേഷം മൂന്ന് ദിവസം പൊതു ചര്‍ച്ചയും ഉപധനാഭ്യര്‍ഥനകളെയും അധിക ധനാഭ്യര്‍ഥനകളെയും സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ച 28ന് നടക്കും. ഉപധനാഭ്യര്‍ഥനകളെയും അധികധനാഭ്യര്‍ഥനകളെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും യഥാക്രമം 29, 30 തീയതികളിലാണ് പരിഗണിക്കുക.