Connect with us

Kerala

കെ പി സി സി പ്രസിഡന്റ് കാര്‍ത്തികേയന് തന്നെ സാധ്യത

Published

|

Last Updated

തിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ പുതിയ കെ പി സി സി പ്രസിഡന്റ് ആരെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് മുഖ്യ പരിഗണനയെങ്കിലും വി എം സുധീരന്‍ മുതല്‍ വി ഡി സതീശന്‍ വരെയുള്ള നേതാക്കളുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കാര്‍ത്തികേയന്റെ പേരിനാണ് മുന്‍തൂക്കമെന്നതിനാല്‍ നിയമസഭാ സമ്മേളനം കഴിയുംവരെ പുതിയ പ്രസിഡന്റ് ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം, മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ ഐ ഗ്രൂപ്പ് സ്വന്തമാക്കിയ സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് പദത്തിനായി എ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മലബാറില്‍ നിന്നുള്ളവരെ പരിഗണിക്കണമെന്ന ആവശ്യം പരസ്യമായും താനും യോഗ്യനാണെന്ന് പരോക്ഷമായും വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രനും അരങ്ങിലുണ്ട്. വി എം സുധീരനെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കുകയാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, മുഖ്യമന്ത്രി തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്. പി സി സികളുടെ അധ്യക്ഷസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമാണ് സംസ്ഥാനത്ത് വി ഡി സതീശന് അനുകൂലമാകുന്നത്.

കാര്‍ത്തികേയന്‍ പ്രസിഡന്റായാല്‍ വി ഡി സതീശന് സ്പീക്കര്‍ സ്ഥാനം നല്‍കാനാണ് ധാരണ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിക്കാനാണ് സതീശന് താത്പര്യം. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, കെ ശിവദാസന്‍ നായര്‍ എന്നിവരുടെ പേരും സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഒത്തുതീര്‍പ്പിനുള്ള ഫോര്‍മുലയുമായി കേരളത്തിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി തന്നെ കാര്‍ത്തികേയന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചെന്നാണ് വിവരം. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം ഈയാഴ്ച ഉണ്ടാകില്ല.

Latest