അനസ്‌തേഷ്യ നല്‍കിയ കുട്ടി മരിച്ചു

Posted on: January 2, 2014 12:42 am | Last updated: January 1, 2014 at 11:43 pm

Pranav death 18 monthsതൃശൂര്‍: ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയ ഒരു വയസ്സുകാരന്‍ മരിച്ചു. കാഞ്ഞിരശ്ശേരി ചെമ്പന്‍പടി തണിച്ചിയത്ത് വീട്ടില്‍ മഞ്ജുനാഥ്- നീതു ദമ്പതികളുടെ ഏക മകന്‍ പ്രണവ് ആണ് മരിച്ചത്. വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ 9.30 ഒടെയായിരുന്നു സംഭവം. മൂത്രതടസ്സം മൂലം ചികിത്സ തേടിയ കുട്ടിക്ക് ശസ്ത്രക്രിയയിലൂടെ ചേലാകര്‍മം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. സങ്കീര്‍ണമല്ലാത്ത ശസ്ത്രക്രിയയാണെങ്കിലും പിഞ്ചുകുഞ്ഞായതിനാല്‍ അനസ്‌തേഷ്യ നല്‍കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കിയ ഉടനെ കുഞ്ഞ് ചര്‍ദിക്കുകയും അവശനാകുകയുമായിരുന്നെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ഉടന്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥക്കിടയാക്കി. സംഭവത്തെ തുടര്‍ന്ന് ഡെപ്യൂട്ടി ഡി എം ഒ. ഡോ. ജ്യോതിലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘവും വടക്കാഞ്ചേരി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുഞ്ഞ് ഛര്‍ദിച്ചതോടെ ഭക്ഷണാവശിഷ്ടം അന്നനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശസ്ത്രക്രിയക്കായി ചൊവ്വാഴ്ച രാത്രി എത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും രക്ഷിതാക്കള്‍ ഇന്നലെ രാവിലെയാണ് എത്തിയതെന്നും ഭക്ഷണം നല്‍കിയിട്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അനസ്‌തേഷ്യ നല്‍കിയതെന്നും സൂപ്രണ്ട് ഡോ. കെ എന്‍ സതീഷ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ യഥാര്‍ഥ കാരണം വ്യക്തമാകൂ. തൃശൂര്‍ ആര്‍ ഡി ഒ യുടെയും കുന്ദംകുളം ഡി വൈ എസ് പി. പി വേണുഗോപാലന്റെയും സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബംഗളുരുവില്‍ 25 വര്‍ഷമായി ഹോട്ടല്‍ നടത്തുന്ന മഞ്ജുനാഥ്, മകന്റെ ചികിത്സക്കും അടുത്തമാസം പ്രസവത്തിനൊരുങ്ങുന്ന ഭാര്യ നീതുവിന്റെ ചികിത്സക്കുമായാണ് നാട്ടിലെത്തിയത്. വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി രണ്ടരവര്‍ഷത്തിന് ശേഷം പിറന്ന കുഞ്ഞാണ് പ്രണവ്. പന്ത്രണ്ട് ദിവസം മുമ്പാണ് പ്രണവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.