Connect with us

Ongoing News

നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹ ധനസഹായത്തിന് മംഗല്യ ലോട്ടറി

Published

|

Last Updated

തിരുവനന്തപുരം: നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിനായി മംഗല്യ ലോട്ടറി തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ഒരു പ്രതിവാര ലോട്ടറി പുനര്‍നാമകരണം ചെയ്താണ് മംഗല്യ ലോട്ടറിയാക്കുക. ഇതിലൂടെ ലഭിക്കുന്ന ആദായം മംഗല്യ നിധിയിലേക്ക് സ്വരൂപിക്കും. ഓഡിറ്റോറിയങ്ങളില്‍ നിന്ന് സെസ് പിരിച്ച് തുടങ്ങിയ മംഗല്യ നിധി പദ്ധതി നടപ്പാക്കുന്നതിന് തുക അപര്യാപ്തമായ സാഹചര്യത്തിലാണ് ലോട്ടറി തുടങ്ങുന്നതെന്ന് മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബി പി എല്‍ കുടുംബങ്ങളിലെയും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എ പി എല്‍ കുടുംബങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് 30,000 രൂപവരെ മംഗല്യ നിധി പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ധനസഹായം വിതരണം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാതല കമ്മിറ്റികളുണ്ടാക്കും. സാമൂഹിക നീതി വകുപ്പായിരിക്കും പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന ബി പി എല്‍ വിഭാഗങ്ങളുടെ വിവാഹങ്ങള്‍ക്ക് സെസ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓയില്‍ പാം കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 2009 ജൂലൈ ഒന്ന് മുതലും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2011 ഏപ്രില്‍ ഒന്ന് മുതലും മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കും. പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തും. വകുപ്പില്‍ നിന്നുള്ള നിര്‍ദേശം പരിഗണിച്ച് ആനുപാതികമായി പുതിയ തസ്തികകള്‍ അനുവദിക്കും.
ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പില്‍ എ ഇ ഒ റാങ്കില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓഫീസറായി നിയമനം നല്‍കും. 2013ല്‍ മലേഷ്യയില്‍ നടന്ന എഷ്യാകപ്പ് ഹോക്കിയില്‍ ശ്രീജേഷിനെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുത്തിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡിന്റെ അംഗീകൃത മൂലധനം 50 കോടിയില്‍ നിന്ന് 140 കോടിയായി ഉയര്‍ത്തും. ഇതിനാവശ്യമായ ഫയലിംഗ് ഫീ കോര്‍പ്പറേഷന്‍ വഹിക്കും. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ശരത് ചന്ദ്ര മറാഠയുടെ വിധവക്ക് 2,000 രൂപവീതം പ്രതിമാസ ധനസഹായം നല്‍കാനും തീരുമാനമായി. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തില്‍ എത്തി കോഴിക്കോട് ജന്മനാടായി സ്വീകരിച്ചയാളാണ് ശരത്ചന്ദ്ര മറാഠ.
ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അഗ്നിശമന സേന വിഭാഗത്തിലെ 112 ക്ലര്‍ക്ക് തസ്തികകള്‍ ജില്ലകളില്‍ എ ഡി ഒ ഓഫീസുകളിലേക്കും ഡിവിഷനല്‍ ഓഫീസുകളിലേക്കും ആസ്ഥാന ഓഫീസിലേക്കും പുനര്‍വിന്യസിക്കും. ഇതില്‍ 13 തസ്തികകള്‍ ജൂനിയര്‍ സൂപ്രണ്ടായും നാല് തസ്തികകള്‍ ഹെഡ്ക്ലര്‍ക്ക് വിഭാഗത്തിലേക്കും ഉയര്‍ത്തും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉള്ള എല്‍ ഡി ക്ലര്‍ക്ക്, എല്‍.ഡി ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് വിഭാഗത്തില്‍പ്പെട്ടവരിലെ യോഗ്യതയും സീനിയോരിറ്റിയും നോക്കി പത്തുശതമാനം പേര്‍ക്ക് തസ്തികമാറ്റം വഴി സ്ഥാനക്കയറ്റം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.