ശിവഗിരിയില്‍ എസ് എന്‍ ഡി പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എസ്

Posted on: January 2, 2014 6:00 am | Last updated: January 1, 2014 at 11:40 pm

തിരുവനന്തപുരം: ശ്രീനാരായണ ഗുരു മുന്നോട്ടു വെച്ച ആശയങ്ങളെ തമസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഗുരുനാമത്തില്‍ നടക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരെടുത്ത് പരാമര്‍ശിക്കാതെയാണ് എസ് എന്‍ ഡി പി നേതൃത്വത്തിനെതിരെ വി എസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ജാതിചിന്തയെയും മദ്യാസക്തിയെയും എതിര്‍ത്ത് തോല്‍പ്പിക്കാനാണ് ഗുരു ശ്രമിച്ചത്. ഇത് രണ്ടും പുനഃപ്രതിഷ്ഠിക്കാനുളള ഭഗീരഥപ്രയത്‌നമാണ് ഗുരുനാമത്തില്‍ തന്നെ ഇവിടെ ചിലര്‍ നടത്തുന്നത്. കള്ളുചെത്തണം, ചാരായം വാറ്റണം, രണ്ടും അല്‍പം കഴിക്കണം, സ്വാമിപാദം ജയിക്കണം എന്ന വിധത്തിലുള്ള ഗുരുസേവയാണ് ഇവിടെ ചിലര്‍ നടത്തുന്നത്. കള്ളുഷാപ്പുകളുടെ മൊത്ത വ്യാപാരം നടത്തുന്നവര്‍ ഗുരുധര്‍മപ്രചാരണത്തിന് നേതൃത്വം നല്‍കുന്ന വൈരുദ്ധ്യത്തിനു നേരെ നാം കണ്ണടച്ചു കൂടാ. ജാതി ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത് എന്നാണ് ഗുരു ഉദ്‌ബോധിപ്പിച്ചതെങ്കില്‍ ജാതി ചോദിക്കും, ജാതി ചിന്തിക്കും, ജാതിയേ പറയൂ എന്നാണ് ചിലരുടെ ശാഠ്യം. കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഗുരുവിനെ മനസ്സിലാക്കാനും വിലയിരുത്താനും പ്രാപ്തിയില്ലാത്തവര്‍ ഗുരുവിനെ കൊണ്ടുനടക്കുമ്പോള്‍ ശിവഗിരി നിസ്സംഗതയോടെ നിന്നാല്‍ പോരാ. ക്രിയാത്മകമായി പ്രതികരിക്കണം. സ്വകാര്യ സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടി ജാതിയെ സമ്മര്‍ദ്ദ ഉപാധിയാക്കുന്ന ജാതിനേതാക്കന്മാരും രാഷ്ട്രീയമോഹങ്ങള്‍ക്ക് വേണ്ടി ജാതിനേതാക്കള പ്രലോഭിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വവും ഒരുപോലെ അപകടകരമാണ്.
സങ്കുചിത സ്വാര്‍ത്ഥതാല്‍പര്യങ്ങളെ താലോലിക്കുന്നവര്‍ക്ക് ശ്രീനാരായണണ്ടഗുരു ധര്‍മ പ്രചാരകരാകാന്‍ യോഗ്യതയില്ല. മനുഷ്യന്‍ എന്ന ഒരു ജാതിയേ ഉള്ളൂ എന്ന ചിന്തയിലാണ് മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഗുരു അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. മനുഷ്യര്‍ ഒറ്റ വര്‍ഗമാണെന്ന ബോധം ഈ കാലഘട്ടത്തിന് നല്‍കിയ മഹാനാണ് ശ്രീനാരായണഗുരുവെന്നും വി എസ് പറഞ്ഞു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.