കോടികളുടെ കേന്ദ്ര സഹായം നഷ്ടമാകുന്നു

Posted on: January 2, 2014 12:38 am | Last updated: January 1, 2014 at 11:39 pm

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി എം ജി എസ് വൈ) പദ്ധതി പ്രകാരം ഗ്രാമീണ റോഡ് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പാഴാകുന്നു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന്റെ കരാറെടുക്കാന്‍ ആളില്ലാത്തതാണ് വര്‍ഷം തോറും കോടിക്കണക്കിന് രൂപ പാഴാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രാമീണ റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡറുകളില്‍ കരാറുകാര്‍ പങ്കെടുക്കാറില്ല. പല തവണ ആവര്‍ത്തിച്ച് ടെന്‍ഡര്‍ ചെയ്താല്‍ പോലും പേരിന് പോലും കരാറുകാര്‍ ഈ രംഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.

ഓരോ തവണ ടെന്‍ഡര്‍ ചെയ്യുമ്പോഴും അടങ്കല്‍ തുക പുതുക്കി നിശ്ചയിക്കാറുണ്ടെങ്കിലും പൊതുമരാമത്ത് കരാറുകാര്‍ തിരിഞ്ഞുനോക്കാത്തത് സംസ്ഥാനത്തിന് തിരിച്ചടിയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ 20 റോഡ് പദ്ധതികളാണ് ഇത്തരത്തില്‍ പാഴായത്. ഈ ഇനത്തില്‍ മാത്രം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 26.98 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായി. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 20 ഗ്രാമീണ റോഡുകള്‍ക്കാണ് ഇത്രയും തുക അനുവദിച്ചിരുന്നത്. 20 പദ്ധതികളിലായി 43.63 കിലോമീറ്റര്‍ റോഡാണ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. പല തവണ റീടെന്‍ഡര്‍ ചെയ്തിട്ടും വര്‍ക്ക് ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതിനാല്‍ ഇവ പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിവിധ ബ്ലോക്കുകളിലായി പുതുതായി 21 റോഡുകളുടെ ടെന്‍ഡര്‍ മൂന്ന് തവണ ക്ഷണിച്ചെങ്കിലും കരാറുകാര്‍ ആരും തന്നെ ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടില്ല.
22 കോടിയുടെ 35.55 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണ ടെന്‍ഡറാണ് ക്ഷണിച്ചിട്ടുളളത്. കരാര്‍ ഏറ്റെടുക്കാനാളില്ലാതെ വന്നാല്‍ ഈ സഹായവും സംസ്ഥാനത്തിന് നഷ്ടമാകും. അതെ സമയം, പൊതുമരാമത്ത് വര്‍ക്കുകള്‍ക്ക് ലഭിക്കുന്ന രീതിയില്‍ കരാര്‍ തുക വര്‍ധന ഗ്രാമീണ റോഡ് നിര്‍മാണത്തിന് ലഭിക്കാത്തതാണ് കരാറുകാരെ ഇതില്‍ നിന്നകറ്റുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയില്‍ റോഡ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും അമിത കൂലിയും കരാറുകാരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.
ഗ്രാമീണ റോഡുകളുടെ വര്‍ക്ക് ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന കരാറുകാര്‍ക്ക് പൊതുമരാമത്ത് വര്‍ക്കുകളുടെ കരാര്‍ നല്‍കരുതെന്ന നിര്‍ദേശം വന്നെങ്കിലും ഇത് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഗ്രാമീണ റോഡുകളുടെ കരാറുകളുടെ മാനദണ്ഡം പുതുക്കി നിശ്ചയിക്കുന്നതിലൂടെ മാത്രമെ സംസ്ഥാനത്തിന് ലഭിക്കുന്ന റോഡ് ഫണ്ട് പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.