സനേഹ പ്രചാരണ കാമ്പയിന്‍ പ്രഖ്യാപന സമ്മേളനം നാലിന്

Posted on: January 2, 2014 12:46 am | Last updated: January 1, 2014 at 10:04 pm

കാസര്‍കോട്: മുത്ത് നബി വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ്-എസ് എസ് എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌നേഹ പ്രചാരണ കാമ്പയിന്‍ നാലിന് തുടങ്ങും.
ഉച്ചക്ക് മൂന്നുമണിക്ക് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് സംസ്ഥാന ക്ഷേമകാര്യ സെക്രട്ടറി മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം പ്രഖ്യാപനം നടത്തും. സംഘടന-സ്ഥാപന പ്രതിനിധികള്‍ പ്രസംഗിക്കും.
പ്രവാചക ജന്മദിന മാസത്തില്‍ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ പ്രചാരണ കാമ്പയിന് വിപുലമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
വര്‍ഗ-വര്‍ണ-ദേശ-ഭാഷാ ചിന്താഗതികള്‍ക്കതീതമായി മാനവ സൗഹൃദം വിളംബരം ചെയ്ത പ്രവാച സ്‌നേഹത്തിന്റെ ഉദാത്ത മാതൃക സമൂഹത്തിന് സമര്‍പ്പിക്കുന്ന സ്‌നേഹ പ്രചാരണ കാലത്തിന്റെ ഭാഗമായി സൗഹൃദ സായന്തനങ്ങള്‍, സ്‌നേഹ കൂട്ടായ്മ, ഡോക്യുമെന്ററി പ്രദര്‍ശനം, പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ഗൃഹസമ്പര്‍ക്കം, സ്‌നേഹ സംവാദങ്ങള്‍, സെമിനാറുകള്‍, പുസ്തക പരിചയം, മൗലീദ് ജല്‍സകള്‍, ടേബിള്‍ ടോക്ക്, സ്‌പോട്ട് ക്വിസ്, മാനവ സൗഹൃദ റാലി തുടങ്ങിയ വിവിധ പദ്ധതികള്‍ സംഘടിപ്പിക്കും.
ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന എസ് എസ് എഫ്-എസ് വൈ എസ് സംയുക്ത യോഗം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ചെയര്‍മാനും അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് കണ്‍വീനറുമായി സംഘാടകസമിതിയെ തിരഞ്ഞെടുത്തു.