ലഹരി വിരുദ്ധ സന്ദേശത്തോടെ പുതുവത്സര ദിനാഘോഷം

Posted on: January 2, 2014 12:44 am | Last updated: January 1, 2014 at 9:44 pm

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ പുതുവര്‍ഷത്തെ വളരെ വ്യത്യസ്തതയോടെ ആഘോഷിച്ചു. സമൂഹത്തില്‍ വ്യാപകമായി പടര്‍ന്ന്‌വരുന്ന ലഹരിപദാര്‍ഥ ഉപയോഗത്തിനെതിരെ ഒരു തെരുവ് നാടകം അവതരിപ്പിച്ച് കൊണ്ടാണ് എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്.
തെരുവ് നാടകത്തിന്റെ അന്ത്യത്തില്‍ ഭീമാകാരമായ ലഹരിപദാര്‍ഥം വഹിക്കുന്ന ഒരു ആള്‍രൂപത്തെ അഗ്‌നിക്കിരയാക്കികൊണ്ട് പുതുവര്‍ഷം ലഹരി വിരുദ്ധ വര്‍ഷമാക്കണമെന്ന സന്ദേശവും നല്‍കുകയുണ്ടായി. കാണികള്‍ക്ക് ആവേശം പകര്‍ന്ന തെരുവ് നാടകം സ്ത്രീപീഡനത്തിനെതിരെയും ബാലവേലയ്‌ക്കെതിരേയും അഴിമതിക്കെതിരേയും ശബ്ദമുയര്‍ത്തുകയും ചെയ്തു. വളണ്ടിയര്‍ സെക്രട്ടറിമാരായ മുഹമ്മദ് അസറുദ്ദീന്‍, ഷമീം അഹമ്മദ്, വളണ്ടിയര്‍മാരായ മന്‍സൂര്‍, സാബിത്ത്, നിബ്രാസ് എന്നിവര്‍ നാടകത്തിന് നേതൃത്വം നല്‍കി. ലഹരിക്കെതിരെ സന്ദേശം ഉയര്‍ത്തുന്ന, ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ഥിയായ ഷാസ്മാന്‍ തോട്ടന്‍ സംവിധാനം ‘സ്‌മോക്ക്’ എന്ന ലഘുചിത്രവും പ്രദര്‍ശിപ്പിച്ചു. പ്രിന്‍സിപ്പള്‍ സാലിമ്മ ജോസഫ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സന്തോഷ് സിഎ, അധ്യാപകരായ അബ്ദുല്‍ വാജിദ് കെ കെ, ശ്രീജിത്ത് പി, സ്റ്റാഫ് സെക്രട്ടറി മനോജ്കുമാര്‍ ടി.പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.