Connect with us

Gulf

നവവത്സര ദിനത്തില്‍ പഴങ്ങളും പച്ചക്കറികളും വിഷവിമുക്തമാക്കാന്‍ ഒറ്റമൂലിയുമായി അഭിഭാഷകന്‍

Published

|

Last Updated

ദുബൈ: പുതിയ വര്‍ഷത്തിന് ഇന്ന് തുടക്കമാകവേ പഴങ്ങളും പച്ചക്കറികളും വിഷവിമുക്തമാക്കാന്‍ ഒറ്റമൂലിയുമായി അഭിഭാഷകന്‍. എറണാകുളം സ്വദേശിയായ ഡോ. കെ മോഹനന്‍ എന്ന അഭിഭാഷകനാണ് പ്രവാസ ജീവിതത്തിനിടയില്‍ ലോക നന്മ ലാക്കാക്കി ഇത്തരം ഒരു പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

നാം ദിനേന കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം നൂറുശതമാനം വിഷലിപ്തമാണെന്ന തിരിച്ചറിവാണ് ഇത്തരം ഒരു സംരംഭത്തിലേക്ക് മോഹനനെ നയിച്ചത്. കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി അല്‍ ഐനില്‍ ജോലി ചെയ്യുന്ന മോഹനന്‍ പഴങ്ങളും പച്ചക്കറികളും വിഷമിമുക്തമാക്കാനുള്ള ഡിറ്റോക്‌സ് ഫ്രൂട്ട് ആന്‍ഡ് വെജ് എന്ന ഉല്‍പ്പന്നവും കണ്ടെത്തിയിരിക്കയാണ്. ഇതിന് അമേരിക്കന്‍ സ്ഥാപനത്തില്‍ നിന്നും പേറ്റന്റും നേടിയ ഇദ്ദേഹം തന്റെ പുതിയ ഉല്‍പ്പന്നം വാണിജ്യാടിസ്ഥാനത്തില്‍ ലോകവ്യാപകമായി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ച് പദ്ധതി തയ്യാറാക്കുകയാണിപ്പോള്‍. ഇതിന്റെ ഭാഗമായി ഇന്നലെ ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉല്‍പ്പന്നത്തെക്കുറിച്ചും അതിന്റെ ഗുണനിലവാരത്തെക്കുറിച്ചുമെല്ലാം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
കടകളില്‍ നിന്നും നാം വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും മൂന്നു മണിക്കൂര്‍ ഡിറ്റോക്‌സ് ഫ്രൂട്ട് ആന്റ് വെജ് കലര്‍ത്തിയ വെള്ളത്തില്‍ സൂക്ഷിച്ചാല്‍ അവയുടെ അകത്തും പുറത്തുമുള്ള രാസ-കീട മാലിന്യങ്ങളും അവയിലെ മറ്റ് വിഷാംശങ്ങളും നൂറു ശതമാനം ഇല്ലാതാക്കാന്‍ സാധിക്കും. ഒരു കിലോ ഗ്രാം പഴത്തിനും പച്ചക്കറിക്കും 200 ഗ്രാം ഡിറ്റോക്‌സ് ആണ് വേണ്ടത്. ലായനിയില്‍ സൂക്ഷിച്ച ശേഷം വെള്ളത്തില്‍ കഴുകുന്നതോടെ ഇവയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം പൂര്‍ണ്ണമായും നഷ്ടപ്പെടും. 27 പച്ചമരുന്നുകളും രണ്ട് ജൈവ ചേരുവകളും ഉള്‍ക്കൊള്ളുന്നതാണ് ഡിറ്റോക്‌സ് ഫ്രൂട്ട് ആന്‍ഡ് വെജ് എന്ന ഉല്‍പന്നം.
ഭക്ഷ്യ വസ്തുക്കളുടെ കടുത്ത ക്ഷാമത്തിലേക്ക് ലോകം നീങ്ങുന്ന ഇന്നത്തെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും ജൈവ കൃഷിയിലേക്ക് മാറി ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് കഴിഞ്ഞ 10 വര്‍ഷമായി ഈ രംഗത്ത് ഗവേഷണം നടത്താന്‍ പ്രേരണയായതെന്ന് നാച്വറോപതിയില്‍ ഡോക്ടറേറ്റ് നേടിയ മോഹനന്‍ പറഞ്ഞു. യു എ ഇയിലേക്ക് തക്കാളി, ഉരുളക്കിഴങ്ങ്, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പച്ചക്കറികളും പഴങ്ങളും എത്തുന്നത് 20 മുതല്‍ 25 ദിവസം വരെ സഞ്ചരിച്ചാണ്. ഇത്രയും നാള്‍ ഇവ കേടുകൂടാതെ ഇരിക്കുന്നതിന് പിന്നില്‍ കണ്ടയിനറുകളില്‍ സാധനം ലോഡ് ചെയ്യുന്ന അവസരത്തില്‍ സ്‌പ്രേ ചെയ്യുന്ന കടുത്ത വീര്യമുള്ള കീടനാശിനികളാണ്. കേരളത്തില്‍ ഉള്‍പ്പെടെ വിത്ത് മുതല്‍ കീടനാശിനികളുടെ ഉപയോഗം ആരംഭിക്കുന്നതായി അദ്ദേഹം ഓര്‍മിപ്പിച്ചു.
2011 കാലഘട്ടത്തില്‍ വയനാട്ടില്‍ മാത്രം 1,000ല്‍ അധികം ആളുകളാണ് അര്‍ബുദം ബാധിച്ച് മരിച്ചത്. നേന്ത്രവാഴക്കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന ടിമിറ്റ് എന്ന കീടനാശിനിയാണ് ഇതിന് ഇടയാക്കിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഡിറ്റോസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ക്കും മറ്റുമായാണ് വയനാട്ടില്‍ ദീര്‍ഘനാള്‍ താമസിച്ചത്. ഇക്കാലയളവില്‍ കര്‍ഷകരുമായി അടുത്ത് ഇടപഴകാനും അവര്‍ പിന്തുടരുന്ന കൃഷിരീതികളും രാസവളങ്ങളും കീടനാശിനികളും മനസിലാക്കാനും സാധിച്ചതാണ് ഗവേഷണത്തിന് കരുത്തായത്. എറണാകുളത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജോലി നോക്കവേയായിരുന്നു ജീവിതം യു എ ഇയിലേക്ക് പറിച്ചു നട്ടത്.
ഡിറ്റോസിന്റെ ഘടകങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് മോഹനന്‍ പറഞ്ഞു. ഡിറ്റോസ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിച്ചാല്‍ ഉപ്പ് വാങ്ങുന്നത്ര തുച്ചമായ വിലക്ക് ഇത് ആളുകള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.
കേരളത്തിലെ കോര്‍പറേഷനുകളും പഞ്ചായത്തുകളും പഴങ്ങളും പച്ചക്കറികളും ഡിറ്റോസില്‍ ഇട്ടു വിഷാംശം പൂര്‍ണ്ണമായും ഒഴിവാക്കിയെ വില്‍പ്പന നടത്താവൂവെന്ന് തീരുമാനമെടുത്താല്‍ കേരളം പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടപ്പിച്ചു.

Latest