അപാകതയുള്ളത് കൊണ്ടല്ല തിരുവഞ്ചൂരിനെ മാറ്റിയത്: ചെന്നിത്തല

Posted on: January 1, 2014 7:50 pm | Last updated: January 1, 2014 at 8:15 pm

ramesh chennithalaതിരുവനന്തപുരം:പ്രവര്‍ത്തനങ്ങളിലെ അപാകത കൊണ്ടല്ല തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റിയതെന്ന മന്ത്രി രമേശ് ചെന്നിത്തല. തിരുവഞ്ചൂര്‍ നല്ല പ്രവര്‍ത്തനം കാഴ്ച മന്ത്രിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

താന്‍ മന്ത്രിസഭയിലേക്ക് വന്നതുകൊണ്ട് എല്ലാം ഭംഗിയാവുമെന്ന് സ്വയം പറയാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. തന്റെ വകുപ്പിന്റെ കാര്യം മുഖ്യമന്ത്രിയാണ് പറയേണ്ടത്. മന്ത്രിമാരുടെ വകുപ്പ് മാറ്റുന്നതും മറ്റുകാര്യങ്ങളും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് നേരത്തെ തന്നെ രണ്ട് തവണ ക്ഷണിച്ചതാണ്. എന്നാല്‍ പാര്‍ട്ടിയെ നയിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞ് താന്‍ ഒഴിഞ്ഞു. ഇപ്പോള്‍ ഹൈക്കമാന്‍ഡാണ് മന്ത്രിയാവാന്‍ തന്നോട് നിര്‍ദേശിച്ചത്. അത് ഞാന്‍ അനുസരിക്കുന്നു. പാര്‍ട്ടിയുടെ തീരുമാനത്തിന് അപ്പുറത്ത് തനിക്ക് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളില്ല. പാര്‍ട്ടി പറഞ്ഞാല്‍ ഏത് സ്ഥാനവും ഏറ്റെടുക്കും. അതുപോലെ ഒഴിയണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും ചെന്നിത്തല വ്യക്തമാക്കി.