ഷാര്‍ജയില്‍ രാത്രി 10ന് ശേഷം ബൈക്കുകള്‍ക്ക് നിരോധനം

Posted on: January 1, 2014 6:26 pm | Last updated: January 1, 2014 at 6:26 pm

sharjah bikeഷാര്‍ജ: രാത്രി 10 മണിക്കു ശേഷം ഷാര്‍ജയില്‍ മോട്ടോര്‍ ബൈക്കുകളും സൈക്കിളും ഓടിക്കുന്നത് നിരോധിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. എമിറേറ്റില്‍ സുരക്ഷിതമായ ശൈത്യകാലം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഷാര്‍ജ പോലീസ് ഇത്തരം ഒരു നടപടിക്ക് തയ്യാറായിരിക്കുന്നതെന്ന് ഷാര്‍ജ പോലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഈദ് അല്‍ മദ്‌ലൂം വ്യക്തമാക്കി.
ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് റെസിഡന്‍സി, ഷാര്‍ജ നഗരസഭ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഷാര്‍ജയില്‍ ക്രിമിനലുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരായുള്ള സന്ധിയില്ലാ സമരത്തിന്റെ ഭാഗം കൂടിയാണ് പുതിയ പരിഷ്‌ക്കരണം.
വിനോദസഞ്ചാര മേഖലകളിലും താമസ മേഖലകളിലും ഉള്‍പ്പെടെ പോലീസ് പട്രോളിംഗ് ശക്തമാക്കും. ഇത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷ. രാത്രി 10ന് ശേഷം ബൈക്കുകളും സൈക്കിളുകളും റോഡിലിറക്കാതെ ജനങ്ങള്‍ പരിഷ്‌ക്കാരങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ജനജീവിതം സുഖകരമാക്കാനാണ് പോലീസ് പ്രയത്‌നിക്കുന്നതെന്നും ബ്രിഗേഡിയര്‍ മുഹമ്മദ് ഈദ് പറഞ്ഞു.