അറബിയല്ലാത്ത ഭാഷയില്‍ മെനു; റസ്റ്റോറന്റുകള്‍ക്ക് പിഴ ചുമത്തും

Posted on: January 1, 2014 6:00 pm | Last updated: January 1, 2014 at 6:24 pm

അബുദാബി: അറബിയല്ലാത്ത ഭാഷയില്‍ മാത്രമുള്ള മെനു പ്രദര്‍ശിപ്പിക്കുന്ന റസ്റ്റോറന്റുകള്‍ക്ക് ഇന്ന് മുതല്‍ പിഴ ചുമത്തും. അബുദാബി സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ മുഴുവന്‍ റസ്റ്റോറന്റുകളിലും മെനു അറബി ഭാഷയില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സാമ്പത്തിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് മന്ത്രാലയം പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം കനത്ത പിഴ ചുമത്തും. ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുഴുവന്‍ റസ്റ്റോറന്റുകള്‍ക്കും കഫ്‌റ്റേരിയകള്‍ക്കും ഇത് ബാധകമാണ്. അറബിയിലല്ലാത്ത മെനു പ്രദര്‍ശിപ്പിക്കുന്ന റസ്റ്റോറന്റുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കും പരാതി നല്‍കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ ഹോട്ട് ലൈന്‍ നമ്പറിലാണ് പരാതി നല്‍കേണ്ടത്. ഔദ്യോഗിക ഇടപാടുകളിലും വ്യാവസായിക വിനിമയങ്ങളുടെയും ഔദ്യോഗിക ഭാഷ അറബിയാക്കണമെന്ന രാജ്യത്തിന്റെ പൊതു താല്‍പര്യം പരിഗണിച്ചാണ് ഇത്തരത്തിലുള്ള നീക്കമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഹാശിം അല്‍ നുഐമി പറഞ്ഞു.