സിലിണ്ടറിന് വില കൂട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി; ആധാര്‍ ബന്ധിപ്പിക്കാന്‍ രണ്ട് മാസം കൂടി

Posted on: January 1, 2014 3:34 pm | Last updated: January 2, 2014 at 9:52 am

lpgകൊച്ചി: പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി. സിലിണ്ടറിന്റെ വില 230 രൂപ കൂട്ടിയെന്ന വാര്‍ത്ത എണ്ണ മന്ത്രാലയം നിഷേധിച്ചതായും അദ്ദേഹം അറിയിച്ചു. വാര്‍ത്തയെ തുടര്‍ന്ന് വീരപ്പ മൊയ് ലിയെയും എ കെ എ.കെ ആന്റണിയെയും വിളിച്ച് തിരക്കിയെന്നും എന്നാല്‍ വാര്‍ത്ത ശരിയല്ലെന്നാണ് അവര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാചകവാതകത്തിന് സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടിത്തരാമെന്ന് വീരപ്പ മൊയ് ലി ഉറപ്പ് നല്‍കിയിട്ടുണ്ട്.

നേരിട്ട് സബ്സിഡി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ആധാര്‍ ബാധകമാക്കുന്നതിനുള്ള സമയപരിധി ചൊവ്വാഴ്ച തീര്‍ന്നിരുന്നു. ഇത് നീട്ടും. കൂടാതെ മൂന്നാം ഘട്ടത്തിലുള്ള ജില്ലകള്‍ക്ക് ഫിബ്രവരി വരെ നല്‍കിയ സമയപരിധിയും നീട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം രണ്ട് മാസത്തേക്ക് നീട്ടിയതായി മന്ത്രി അനൂപ് ജേക്കബും മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, വില കൂട്ടിയിട്ടില്ലെന്ന് വീരപ്പ മൊയ് ലി അറിയിച്ചതായി തങ്ങള്‍ക്ക് അറിയില്ലെന്നും കൂട്ടിയ വില ഈടാക്കുമെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചു.