Connect with us

Malappuram

ജില്ലയില്‍ 2,92,753 പ്രവാസികള്‍; കൂടുതല്‍ പേര്‍ മൂന്നിയൂര്‍ പഞ്ചായത്തില്‍

Published

|

Last Updated

മലപ്പുറം: ആറാമത് സാമ്പത്തിക സെന്‍സസിനോടനുബന്ധിച്ച് നടന്ന പ്രവാസി കണക്കെടുപ്പില്‍ ജില്ലയിലെ പ്രവാസികള്‍ 292,753 എണ്ണം.
ജില്ലയില്‍ 228,706 വീടുകളിലാണ് പ്രവാസികളായ അംഗങ്ങളുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസി കുടുംബങ്ങളുള്ളത് തിരൂരങ്ങാടി ബ്ലോക്കിലെ മൂന്നിയൂര്‍ പഞ്ചായത്തിലാണ്. പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും പദ്ധതികള്‍ തയ്യാറാക്കുന്നതിനുമായാണ് സെന്‍സസ് നടത്തിയത്. നോര്‍ക്ക വകുപ്പിനായി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് നടത്തിയ സര്‍വെയാണ് ജില്ലയിലെ പ്രവാസികളുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തുന്നത്. ജില്ലയിലെ എല്ലാ വീടുകളെയും ഉള്‍പ്പെടുത്തിയുള്ള സര്‍വെ പ്രവാസികളുടെ എണ്ണത്തിലുള്ള അവ്യക്തത നീക്കാന്‍ ഉപയോഗപ്രദമാകുമെന്ന് ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി ശറഫുദ്ദീന്‍ പറഞ്ഞു. നിതാഖാത് മൂലം നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ ഇവരുടെ എണ്ണം നിലവിലുള്ള കണക്കില്‍ നിന്നും ഒഴിവാക്കിയാണ് നോര്‍ക്ക അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.
സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പ്രവാസികളുള്ളത്. ഇതില്‍ ജോലി ഉള്ളവര്‍ 278,396 പേരും ജോലി ചെയ്യുന്നവരുടെ കൂടെ ആശ്രിതരായി കഴിയുന്നവര്‍ 14,357 പേരുമാണ്. ജോലിയുള്ള പ്രവാസികളില്‍ 1751 പേര്‍ സ്ത്രീകളും 276,645 പേര്‍ പുരുഷന്മാരുമാണ്.
ജില്ലയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോയിട്ടുള്ള അംഗങ്ങളുള്ള കുടുംബങ്ങളുടെ എണ്ണം, വിദേശത്തുള്ള ആകെ പ്രവാസികളുടെ എണ്ണം, ജോലി ചെയ്യുന്ന രാജ്യം. പ്രായം, സ്ത്രീ-പുരുഷ അനുപാതം, തൊഴില്‍, താമസിച്ച കാലയളവ്, പ്രവാസികളില്‍ കേരളത്തില്‍ റേഷന്‍കാര്‍ഡ്, വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ എണ്ണം തുടങ്ങിയവയാണ് പ്രധാനമായും സെന്‍സസ് വഴി ശേഖരിച്ചത്. നിതാഖാത് ശക്തമാക്കിയതിനെ തുടര്‍ന്ന് ആശങ്കയിലായ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും സെന്‍സസ് ഉപകരിക്കും. 2013 മെയ് മൂന്നിനാണ് സാമ്പത്തിക സര്‍വെക്കൊപ്പം പ്രവാസി കണക്കെടുപ്പും ജില്ലയില്‍ തുടങ്ങിയത്.