Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജ് ഒ പി ഉദ്ഘാടനം 15ന്

Published

|

Last Updated

മഞ്ചേരി: മെഡിക്കല്‍ കോളജ് ഒ പികള്‍ 15ന് ഉദ്ഘാടനം ചെയ്യും. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ഇതോടെ പ്രയോജനപ്പെടും. മെഡിസിന്‍, സര്‍ജറി വിഭാഗങ്ങളിലായി രണ്ട് ഒ പികളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. മെഡിസിന്‍ വിഭാഗം ഡോ. സംഘമിത്രയുടെ നേതൃത്വത്തിലും സര്‍ജറി വിഭാഗം പ്രൊഫ. ഡോ. വി അനില്‍കുമാറിന്റെ നേതൃത്വത്തിലുമാണ് തുടങ്ങുന്നത്.
ഇവര്‍ക്കാവശ്യമായ പ്രത്യേക മുറികള്‍ സജ്ജീകരിക്കുന്നതിന്റെ ജോലികള്‍ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. ഇന്നലെ പ്രിന്‍സിപ്പല്‍ ഡോ. പി നാരായണന്‍, സൂപ്രണ്ട് ഡോ. നന്ദകുമാര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുകയും പരിശോധനാ മുറികള്‍ കണ്ടെത്തുകയും ചെയ്തു. അടുത്തയാഴ്ച നടക്കുന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടാകും.
കഴിഞ്ഞ ആഴ്ച സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ടി എസ് ഇളങ്കോവന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ജമീല, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി ഗീത, എം ഉമ്മര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ കെ ബിജു, ഡി എം ഒ ഡോ. ഉമര്‍ ഫാറൂഖ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ പ്രധാന തീരുമാനമായിരുന്നു സാധാരണക്കാരായ രോഗികള്‍ക്ക് മെഡിക്കല്‍ കോളജിന്റെ സേവനം ലഭ്യമാക്കണമെന്നത്. എം സി ഐ നിബന്ധനകള്‍ക്ക് വിധേയമായി പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് 15ന് ഒപികള്‍ തുടങ്ങുന്നത്. മെഡിക്കല്‍ കോളജില്‍ നിലവിലുള്ള 42 ഡോക്ടര്‍മാര്‍ക്ക് പുറമെ 36 ലക്ചറര്‍മാര്‍കൂടി നാളെ ചുമതലയേല്‍ക്കും.
കൂടാതെ ഏഴ് സീനിയര്‍, ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും അടുത്തയാഴ്ച ഇവിടെ ചുമതലയേല്‍ക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest