പ്രവാചക പ്രകീര്‍ത്തനങ്ങള്‍ സജീവമാക്കുക

Posted on: January 1, 2014 8:05 am | Last updated: January 1, 2014 at 8:05 am

വൈത്തിരി: പുതുവര്‍ഷത്തിന്റെ ഹര്‍ഷാരവത്തില്‍ വസന്തത്തിന്റെ കുളിര്‍ക്കാറ്റുമായി വിരുന്നെത്തുന്ന പുണ്യ റബീഇനെ ആവേശത്തോടെ വരവേല്‍ക്കാന്‍ മുഴുവന്‍ വിശ്വാസികളും തയ്യാറാകണമെന്ന് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചുണ്ടറെയ്ഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
റബീഇന്റെ രാപ്പകലുകള്‍ പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ പ്രകമ്പനം കൊള്ളണം.മദ്‌റസകളും, മഹല്ലുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന പരിപാടികള്‍ വിശ്വാസികള്‍ക്കെന്ന പോലെ ഇതര മതസ്ഥര്‍ക്കും പ്രവാചകരെ അടുത്തറിയാനുള്ള വേദികളായി മാറണമെന്നും ആഭാസകരവും അനിസ്‌ലാമികവുമായവ കടന്നു വരുന്നതിനെതിരെ ബന്ധപ്പെട്ടവര്‍ ജാഗ്രതപുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. റെയ്ഞ്ചിന് കീഴിലുള്ള മുഴുവന്‍ മദ്‌റസകളിലും നടക്കുന്ന പരിപാടികള്‍ യോഗം വിലയിരുത്തി.
ജനുവരി രണ്ടാം വാരം മുതല്‍ റെയ്ഞ്ച്തലത്തില്‍ നടക്കുന്ന മദ്ഹുര്‍റസൂല്‍ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനം, കലസാഹിത്യ മത്സരം, അനുമോദന സദസ്സ്, ദഫ് പ്രദര്‍ശനം, അന്നദാനം തുടങ്ങിയ പരിപാടികള്‍ക്ക് ജനുവരി 31 ഓടെ സമാപനമാകും.
31ന് വൈകിട്ട് നാലിന് വൈത്തിരിയില്‍ സുന്നീ സംഘടനകളുടെ സഹകരണത്തോടെ റെയ്ഞ്ചിലെ മുഴുവന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന മീലാദ് റാലിയും പൊതുസമ്മേളനവും നടക്കും.
സമ്മേളനത്തില്‍ പ്രമുഖരെ പങ്കെടുപ്പിക്കും. 2013ലെ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ റെയ്ഞ്ചിലെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.
അഞ്ചാംതരത്തില്‍ ഫള്ല്‍ ഹബീബ് തന്‍വീറുല്‍ ഇസ്‌ലാം പെരുന്തട്ട, ഏഴാം തരത്തില്‍ സല്‍ന മമ്പഉല്‍ഹുദ സുന്നീ മദ്‌റസ വെള്ളാരംകുന്ന്, പത്താംതരത്തില്‍ അനസ് തൗഫീഖ് സുന്നീ മദ്‌റസ ചുണ്ടേല്‍ എന്നിവരാണ് ജേതാക്കള്‍. ഇവര്‍ക്കുള്ള അവാര്‍ഡ് ദാനം അതത് മദ്‌റസകളിലെ നബിദിനാഘോഷ പരിപാടിയില്‍ വെച്ച് നല്‍കും.
യോഗത്തില്‍ പ്രസിഡന്റ് കുഞ്ഞലവി ഫൈസി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മദനി ഉദ്ഘാടനം ചെയ്തു. ഇ പി അബ്ദുല്ല സഖാഫി കോളിച്ചാല്‍ വിഷയാവതരണം നടത്തി. പി ടി ഉമര്‍ മുസ്‌ലിയാര്‍,മുജീബ് സഖാഫി, ഹുസൈന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു.