അട്ടപ്പാടിയില്‍ അനധികൃത കൈയേറ്റം നീരിക്ഷിക്കുന്നു

Posted on: January 1, 2014 7:59 am | Last updated: January 1, 2014 at 7:59 am

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ഭൂമിയിലെ അനധികൃത കൈയേറ്റവും നിര്‍മാണ പ്രവൃത്തികളും നിരീക്ഷിക്കാന്‍ തീരുമാനം. ഭൂമിയിടപാടുകളിലൂടെ സ്വകാര്യ റിയല്‍എസ്‌റ്റേറ്റ് ഗ്രൂപ്പുകള്‍ അടുത്തിടെ നടത്തിയ നിര്‍മാണ പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അട്ടപ്പാടിയില്‍ അനധികൃതകരിങ്കല്‍ ക്വാറികള്‍ക്കെതിരെയും ഭൂമി കൈയേറുന്ന റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പുകള്‍ക്കെതിരെയും പോലീസ് സ്വീകരിച്ച നടപടികള്‍ വിലയിരുത്താനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അട്ടപ്പാടിയിലെത്തിയത്.
സ്‌റ്റേറ്റ് അസിസ്റ്റന്‍ഡ് സ്‌പെഷ്യല്‍ ഓഫീസര്‍ ടി എന്‍ ഉണ്ണിരാജന്‍, ജില്ലാ നോഡല്‍ ഓഫീസര്‍ സി കെ ശങ്കരനാരായണന്‍ എന്നിവരുടെ നേതൃത്തതിലായിരുന്നു അവലോകനം. നരശിമുക്ക്, ഉപ്പുംകരപളളം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയസംഘം നിലവില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കി. ഔഷധസസ്യകൃഷിക്കെന്ന പേരില്‍ നരശിമുക്ക് ഭവാനിപ്പുഴയോരത്തെ 18 ഏക്കറോളം ഭൂമിയിലെ കുന്നുകള്‍ ഇടിച്ചുനിരത്തിയത് പോലീസ് ഇടപെട്ടാണ് തടഞ്ഞത്.
അടുത്തിടെ പട്ടിമാളം ഊരില്‍ അന്‍പതേക്കറിലധികം സ്ഥലം കൈവശപ്പെടുത്തിയ സ്വകാര്യവ്യക്തികള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
ഭൂമി കൈയേറ്റം തടയുന്നതിനൊപ്പം പ്രദേശത്തെ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് ഓരോ ആദിവാസി ഊരുകളിലും നിരീക്ഷണം ശക്തമാക്കാനാണ് മറ്റൊരു തീരുമാനം.