Connect with us

Articles

ആറന്മുള: ജനങ്ങളെ വഞ്ചിക്കാം, പ്രകൃതിയെയോ?

Published

|

Last Updated

 ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് അതിന് “എല്ലാവിധ” അനുമതികളും ലഭിച്ചുവെന്ന് അതിന്റെ നടത്തിപ്പുകാരായ കെ ജി എസ് ഗ്രൂപ്പിന്റെ വക്താക്കള്‍ ആവകാശവാദം ഉന്നയിച്ചതോടെയാണ്. തുടര്‍ന്ന് ഈ അനുമതിയും പോക്കുവരവും സംബന്ധിച്ച ചില രേഖകള്‍ പുറത്താകുകയും ചെയ്തു. ഒരു പദ്ധതിയുടെ യഥാര്‍ഥ അനുമതി അന്നാട്ടിലെ ജനങ്ങളുടെ “അറിവോടെയുള്ള അനുമതി”യാണെന്ന് ഭരണഘടനയും നിയമവും പറയുമ്പോള്‍, പ്രദേശത്തെ മഹാഭൂരിപക്ഷം ജനങ്ങളും തള്ളിക്കളഞ്ഞാലും ഏതു തരം പദ്ധതിക്കും (എല്ലാറ്റിനും മീതെ) അനുമതി വാങ്ങാന്‍ കഴിയും എന്ന ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനയാണ് കമ്പനി അധികൃതര്‍ നടത്തുന്നത്. തുടക്കം മുതല്‍ തന്നെ ജനങ്ങളെ മറികടന്ന്, നിയമങ്ങള്‍ കാറ്റില്‍ പറത്തി സൂത്രപ്പണികളിലൂടെ ഒരു പദ്ധതി നടപ്പാക്കിയെടുക്കാനാണിവര്‍ എന്നും ശ്രമിച്ചിട്ടുള്ളത്.

2011ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുന്ന കാലത്ത്, “ഇരു ചെവിയറിയാതെ” മാധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും കണ്ണില്‍ പെടാതെയാണ് ഈ പദ്ധതിക്ക് വേണ്ടി എല്ലാ സര്‍ക്കാറുകളുടെയും “കണ്ണിലുണ്ണിയും വികസന നായകനുമായ” അഡീഷനല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയായെന്ന രൂപത്തില്‍ കാര്യങ്ങള്‍ “മുന്നോട്ട്” നീക്കിയത്. കൊക്കക്കോള, പെപ്‌സി കോള, ഭൂപരിഷ്‌കരണം, ചക്കിട്ടപ്പാറ അടക്കമുള്ള ഖനനങ്ങള്‍, എച്ച് എം ടി, കിനാലൂര്‍, വളന്തക്കാട്, കൊച്ചി സ്റ്റേഡിയം തുടങ്ങി വിനാശ പദ്ധതികള്‍ക്കു വേണ്ടി വാദിച്ച അതേ വ്യക്തി. മന്ത്രിസഭകള്‍ മാറിയാലും യാതൊരു കുലുക്കവുമില്ലാതെ തുടരുന്ന വ്യക്തി. ആറന്മുള വിമാനത്താവളത്തിനാവശ്യമായ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതാണ് ഈ പദ്ധതിയുടെ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടം. ഇന്ന് ആറന്മുള വിമാനത്താവളത്തിനെതിരെ സമരം നയിക്കുന്ന ഇടതുപക്ഷം പോലും ഇക്കാര്യത്തിലടക്കം ബാലകൃഷ്ണന്‍ ചെയ്ത കാര്യങ്ങളെ ഒരിക്കലും വിമര്‍ശിക്കുന്നില്ലെന്നതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാകുന്നു.
പദ്ധതിക്ക് “തത്വത്തില്‍ അംഗീകാരം” നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ തന്നെയാണ്. തന്റെ ഇഷ്ട സഖാവ് രാജഗോപാലന്‍ എം എല്‍ എ കൊണ്ടുവന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. പക്ഷേ, അത് അംഗീകരിക്കുമ്പോഴും “നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചും പദ്ധതിക്കാവശ്യമായ ഭൂമി സ്വന്തമായി കണ്ടെത്തിയും” വിമാനത്താവളം നിര്‍മിക്കാവൂവെന്ന് ഉറപ്പാക്കിയിരുന്നു ആ അനുമതിയില്‍. ഈ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് (പാടം നികത്തല്‍, തോട് നികത്തല്‍, മിച്ചഭൂമി കൈയേറ്റം, ഭൂപരിധി നിയമലംഘനം തുടങ്ങിയവയില്ലാതെ) പദ്ധതി നടപ്പിലാക്കാനാകില്ലെന്ന് “നടത്തിപ്പുകാര്‍”ക്കറിയാം. ഇത് മറികടക്കാന്‍ വ്യവസായ വകുപ്പ് “വ്യവസായ മേഖല”യായി പ്രഖ്യാപിച്ചു. 500 ഏക്കറിലധികം വരുന്ന ഭൂമി (സര്‍വേ നമ്പറുകളാണ് പെടുത്തിയതെന്നതിനാല്‍ ഇത് 2000 ഏക്കര്‍ വരെയായി മാറാം) ഇതോടെ നിരവധി നിയമങ്ങളില്‍ നിന്നു കമ്പനിക്ക് രക്ഷപ്പെടാമെന്ന അവസ്ഥയുണ്ടായി. ഈ തക്കം സമര്‍ഥമായി ഉപയോഗിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി “സഹകരിച്ച്” പൊതു തെളിവെടുപ്പ് നടത്തിയെടുക്കുക എന്നതായിരുന്നു കമ്പനി സ്വീകരിച്ച തന്ത്രം.
ഒട്ടനവധി അസത്യങ്ങളും അര്‍ധ സത്യങ്ങളുടെയും പിന്‍ബലത്തില്‍ തയ്യാറാക്കിയ പാരിസ്ഥിതി ആഘാത പഠനവും അതിന്റെ അടിസ്ഥാനത്തില്‍ നടന്ന പൊതു തെളിവെടുപ്പ് പ്രഹസനവും തുടര്‍ന്നു നടന്ന നാടകങ്ങളും കേരളീയ സമൂഹം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്തില്ല. കാരണം, ഇവയെല്ലാം നടക്കുമ്പോള്‍ കേരളം “വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പുത്സവം” ആഘോഷിക്കുകയായിരുന്നു. 2011 ഫെബ്രുവരി രണ്ടിനാണ് “വ്യവസായ മേഖല പ്രഖ്യാപനത്തിന്റെയും” തത്വത്തില്‍ അനുമതിയുടെയും ബലത്തില്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കമ്പനി അപേക്ഷ നല്‍കുന്നത്. മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍വിറോകെയര്‍ എന്ന കമ്പനി നടത്തിയ തട്ടിക്കൂട്ട് പാരിസ്ഥിതികാഘാത പഠനവും ഒപ്പം വെച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പരമാവധി പ്രചാരണം നടത്തി വേണം പൊതുതെളിവെടുപ്പ് എന്ന നിയമവും നരവധി കോടതി ഉത്തരവുകളും പുല്ലിന്റെ വില പോലും നല്‍കാതെ അവഗണിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡും അധികൃതരും ചെയ്യുന്നത്. ഇവിടെ ഈ തിരക്കിട്ട ശ്രമം വ്യക്തമായിക്കാണാം. ജനങ്ങളുടെ പക്ഷത്ത് നിന്ന് പദ്ധതികളുടെ സാങ്കേതിക വിശദാംശങ്ങള്‍ പഠിച്ച് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സാമൂഹിക സാമ്പത്തിക നേട്ടങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും അത് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി നടത്തിപ്പുകാരില്‍ നിന്ന് വാങ്ങി നല്‍കാനും ചുമതലപ്പെട്ട സ്ഥാപനമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിസ്ഥിതി വകുപ്പുമെന്ന് നിരവധി വിധികളിലൂടെ സുപ്രീം കോടതിയും ദേശീയ ഹരിത ട്രിബ്യൂണലും വ്യക്തമാക്കിയിട്ടുണ്ട്. 2012ല്‍ ജെ പി സിമിന്റ് എന്ന കമ്പനിക്ക് മേല്‍ നൂറ് കോടി രൂപ പിഴ ചുമത്തിക്കൊണ്ടുള്ള വിധിയില്‍ ഹിമാചല്‍ ഹൈക്കോടതി പ്രസക്തമായ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒരു വ്യവസായം ജനങ്ങള്‍ക്കുണ്ടാക്കുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സാധാരണ മനുഷ്യര്‍ക്കറിയില്ലാത്തതിനാല്‍ അത് പറഞ്ഞ് മനസ്സിലാക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍ കമ്പനിയുടെ പക്ഷം ചേര്‍ന്ന് “യാതൊരു കുഴപ്പവുമില്ല” എന്ന് വാദിച്ചത് എത്ര നിരുത്തരവാദപരമാണ്, നിയമവിരുദ്ധമാണ് എന്നാണ് ആ ചോദ്യം.
ഇതേ രീതിയില്‍ ആറന്മുളയിലെ പൊതു തെളിവെടുപ്പിന്റെ ചരിത്രം തേടിപ്പോയാല്‍ നാം കാണുന്നു, എത്ര കൊടിയ വഞ്ചനയാണ് ഉദ്യോഗസ്ഥര്‍ കമ്പനിക്ക് വേണ്ടി ജനങ്ങളോട് ചെയ്തതെന്ന്!. 2014 ഫെബ്രുവരി രണ്ടിന് കിട്ടിയ അപേക്ഷയില്‍ ഫെബ്രുവരി അഞ്ചിന് തന്നെ മലിനീകരണ നിയന്ത്രണ(?) ബോര്‍ഡ് നടപടിയെടുത്ത് അവര്‍ പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുന്നു. ഫെബ്രുവരി ആറിന്റെ മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ തെളിവെടുപ്പ് സംബന്ധിച്ച പരസ്യം വരുന്നു. ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ഇത് വരുന്നു. ഇക്കാലം ഏതാണെന്നോര്‍ക്കുക; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആരവമുയര്‍ന്ന കാലം. മാര്‍ച്ച് 10ന് തെളിവെടുപ്പ് നിശ്ചയിക്കുന്നു. നിയമസഭാ സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍മപ്പണം നടത്തുന്നതിന്റെ തൊട്ടുമുമ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അത് മാറ്റിവെക്കാന്‍ ആവശ്യപ്പെടുന്നു. മാറ്റുന്നത് 2011 ഏപ്രില്‍ 29ന്. (നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം)വീണ്ടും കമ്മീഷന്‍ ഇടപെട്ട് മാറ്റുന്നു. അത് വരുന്നത് മെയ് 10ന്(വോട്ടെണ്ണലിന്റെ തലേന്ന്) “വികസനത്തിന് തിരഞ്ഞെടുപ്പ് എത്ര പ്രസക്ത”മാണെന്നോര്‍ക്കുക.
രണ്ട് പ്രാവശ്യവും മാറ്റുമ്പോള്‍ യാതൊരുവിധ പത്രപരസ്യങ്ങളുമില്ല. ഒന്നു രണ്ട് തവണ തെളിവെടുപ്പിന് വരുന്നവര്‍ മൂന്നാം തവണ ഒഴിവായാല്‍ അത്രയും നന്ന്! എന്നതാണ് അധികൃതരുടെ നിലപാട്. പദ്ധതിയുടെ വിശദാംശങ്ങള്‍ പഠിച്ച് ജനങ്ങക്കു മുന്നില്‍, അവതരിപ്പിക്കുന്നത്, കമ്പനിയുടെ “വിദഗ്ധന്‍”(സര്‍ക്കാറല്ല). ഇതിനിടയില്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന ന്യായമായ സംശയങ്ങളെ അവഗണിച്ചും തെറ്റായ മറുപടികള്‍ നല്‍കിയും നേരിടാന്‍ അധികൃതര്‍ തയ്യാര്‍. പ്രത്യക്ഷത്തില്‍ തന്നെ തെളിവെടുപ്പില്‍ കമ്പനി കമ്പനി പക്ഷത്താണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയാണവര്‍.
പിന്നെ കുറച്ച് ജനപ്രതിനിധികളെന്നു വിളിക്കപ്പെടുന്നവരുണ്ട്. അന്നവിടെ ഹാജരായ ജനപ്രതിനിധികളെല്ലാം “പദ്ധതി വേണം” എന്ന് വാദിക്കുന്നവരായിരുന്നു. കമ്പനി “എല്ലാം ശരിയായി നടത്തും” എന്ന “ആത്മവിശ്വാസം” അവര്‍ പ്രകടിപ്പിക്കുന്നു. കമ്പനി അപേക്ഷയില്‍ നല്‍കിയ അടിസ്ഥാന വിവരങ്ങള്‍ പോലും തെറ്റാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമുണ്ടാക്കാനാര്‍ക്കും താത്പര്യമില്ല. ഒടുവില്‍ “സമവായം” ഉണ്ടായി, പദ്ധതി പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും എന്ന്.
അടിസ്ഥാനപരമായി കമ്പനി നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ (ഫോം ഒന്ന്) തന്നെ അസത്യങ്ങളോ അര്‍ധസത്യങ്ങളോ ആയിരുന്നുവെന്ന പ്രശ്‌നം ഒരിക്കലും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ചില ഉദാഹരണങ്ങള്‍ മാത്രം പറയാം. അവിടുത്തെ ഭൂവിനിയോഗം സംബന്ധിച്ച് ഏതെങ്കിലും ഉത്തരവുകളോ നിര്‍ദേശങ്ങളോ ബാധകമാണോ എന്ന ചോദ്യത്തിന് “അല്ല” എന്നാണ് അവരുടെ ഉത്തരം. യഥാര്‍ഥത്തില്‍ 1967ലെ ഭൂവിനിയോഗ ഉത്തരവും നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമവും ദൂരപരിധി നിയമവുമെല്ലാം ബാധകമായ ഭൂമിയാണത് എന്നതാണ് സത്യം. ഭൂമി വിനിയോഗത്തില്‍ കാതലായ മാറ്റങ്ങളുണ്ടോ എന്നും പുതിയ ഭൂവിനിയോഗം ഉണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് “ഇല്ല” എന്ന് മറുപടി. 315 ഏക്കര്‍ ഭൂമി റണ്‍വേക്ക് മാത്രം വേണം. പിന്നെ ടെര്‍മിനല്‍, റോഡുകള്‍, ഹോട്ടല്‍, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നികത്തണം. ഇതെല്ലാം നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളുമാണ്. പ്രധാനപ്പെട്ട രണ്ട് നീര്‍ച്ചാലുകള്‍ മൂടിപ്പോകും. ഈ പറഞ്ഞതിന് പുറമെയാണ് യഥാര്‍ഥ വ്യാപാരമായി 275 ഏക്കര്‍ ഭൂമി ഷോപ്പിംഗ് മാളിനും റിസോര്‍ട്ടുകള്‍ക്കും വില്ലകള്‍ക്കുമായി വ്യാപാരാടിസ്ഥാനത്തില്‍ വില്‍ക്കണം. (ഇതാണ് കമ്പനിയുടെ യഥാര്‍ഥ ലാഭം)ഇതൊക്കെ പാടം നികത്തിയും കുന്നിടിച്ചും ഉണ്ടാക്കണം. എന്നിട്ടു പറയുന്നു, ഭൂ വിനിയോഗത്തില്‍ യാതൊരു മാറ്റവുമില്ല എന്ന്.
കൃത്യമായി തന്നെ “ഏതെങ്കിലും നീര്‍ച്ചാലുകള്‍ മുറിക്കുന്നുവോ” എന്ന ചോദ്യത്തിന് “ഒരു ചെറിയ തോട്” എന്ന് മറുപടി. അതിന്റെ വീതി 18 മീറ്ററാണ് എന്നോര്‍ക്കുക. അതാണ് “ചെറിയ തോട്.”വീണ്ടും ചോദിക്കുന്നു, നീരൊഴുക്കിനെ ബാധിക്കുന്ന തരം ഭൂവിനിയോഗത്തിലോ ജലസ്രോതസ്സുകളിലോ മാറ്റമുണ്ടോ എന്ന്. ഉത്തരം ഇല്ല എന്ന്. പമ്പാ നദി കേവലം അര കിലോ മീറ്റര്‍ പോലും ദൂരെയല്ല. ഇവര്‍ പറയുന്നത് രണ്ട് കിലോ മീറ്റര്‍ ദൂരെ (എവിടെയോ) ആണെന്നാണ്. പമ്പയുടെ ബഫര്‍ പ്രദേശമായ നദീ തടത്തിലാണ് വിമാനത്താവളം വരുന്നത്. അവിടമാകെ നികത്തിയെടുത്താല്‍…….
ഓര്‍ക്കുക, ഇക്കഴിഞ്ഞ മഴക്കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റണ്‍വേയും ടെര്‍മിനലും മുങ്ങിയ വസ്തുത. രണ്ട് ദിവസം ഗതാഗതം മുടങ്ങി. വിമാനത്താവളം അടച്ചു. നിരവധി കുടുംബങ്ങള്‍ വീട് വിട്ടോടി. അധികൃതര്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. “മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മറ്റും കോടതികളേയും കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയത്തെയും അത് വഴി ജനങ്ങളെയും വഞ്ചിക്കാം. പക്ഷേ, പ്രകൃതിയേയും പുഴകളെയും വഞ്ചിക്കാനാകില്ല. ഇത്തരം തട്ടിപ്പുകളിലൂടെ വിമാനത്താവളം നിര്‍മിച്ചാല്‍ ഒറ്റയടിക്ക് അതെല്ലാം മുങ്ങിപ്പോകും.