ലബനാനില്‍ കനത്ത സ്‌ഫോടനം; മുന്‍ ധനകാര്യ മന്ത്രി കൊല്ലപ്പെട്ടു

Posted on: December 28, 2013 12:54 am | Last updated: December 27, 2013 at 11:55 pm

ബൈറൂത്ത്: ലബനാന്‍ തലസ്ഥാനമായ ബൈറൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ മുന്‍ ധനകാര്യ മന്ത്രിയും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് ശത്വഹടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ പ്രധാന ഉപദേഷ്ടാവായിരുന്ന ശത്വഹ്, ശിയാ വിഭാഗത്തിന്റെ സായുധ സംഘമായ ഹിസ്ബുല്ലക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന പ്രധാന നേതാക്കളിലൊരാളായിരുന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ഹിസ്ബുല്ലയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. സിറിയയില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ലബനാനില്‍ മാസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിന്റെയും ആക്രമണങ്ങളുടെയും തുടര്‍ച്ചയാണ് ഇന്നലെത്തെ സംഭവമെന്ന് പോലീസ് മേധാവികള്‍ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാറിനെ ഹിസ്ബുല്ലയടക്കമുള്ള ശിയാ സംഘടനകള്‍ അനുകൂലിക്കുമ്പോള്‍ സിറിയന്‍ വിമതര്‍ക്ക് അനുകൂലമായ സമീപനങ്ങളാണ് പ്രതിപക്ഷ നേതാക്കളുടെത്.
ലബനാനിലെ സിറിയന്‍ അനുകൂലികളും വിരുദ്ധരും തമ്മില്‍ അടുത്തിടെ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. സിറിയന്‍ സര്‍ക്കാറിന് പിന്തുണ നല്‍കുന്ന ഇറാന്റെ ബൈറൂത്തിലെ എംബസിക്ക് നേരെയും ആക്രമണം നടന്നിരുന്നു. കൂടാതെ കഴിഞ്ഞ മാസം ഇറാനുമായി അടുത്ത ബന്ധമുള്ള ഹിസ്ബുല്ല കമാന്‍ഡര്‍ ഹസന്‍ ലക്കീസ് ബൈറൂത്തിലെ വീടിന് മുമ്പില്‍വെച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാണ് ശത്വഹിനെതിരെയുള്ള ആക്രമണമെന്നും സംശയിക്കപ്പെടുന്നു. സഅദ് ഹരീരിയുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ച സിറിയന്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ശത്വഹിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ലബനാന്‍ പാര്‍ലിമെന്റ് കെട്ടിടത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തി നശിച്ചു. സ്‌ഫോടക വസ്തുകള്‍ നിറച്ചെത്തിയ കാര്‍ പൊട്ടിത്തെറിച്ചാണ് ആക്രമണം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.
മുന്‍ പ്രധാനമന്ത്രിയും ഹിസ്ബുല്ല വിരുദ്ധനുമായ റഫീഖ് ഹരീരി 2005ലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പ്രതിപക്ഷ ചേരിയിലെ നേതാവ് കൊല്ലപ്പെടുന്നത്. റഫീഖ് ഹരീരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഹിസ്ബുല്ല പ്രവര്‍ത്തകരായ അഞ്ച് പേരുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് ശത്വഹിന്റെ വധം.