കന്നുകാലി കച്ചവടക്കാരോടുള്ള വിവേചനം സര്‍ക്കാര്‍ അനസാനിപ്പിക്കണം

Posted on: December 25, 2013 8:00 am | Last updated: December 25, 2013 at 8:29 am

കൊടുവള്ളി: തമിഴ്‌നാട് -കേരള അതിര്‍ത്തികളില്‍ നിന്നും കന്നുകാലികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം പിന്‍വലിക്കണമെന്നും കന്നുകാലി കച്ചവടക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും കൊടുവള്ളി ഏരിയാ കന്നുകാലി കച്ചവട, ഇറച്ചി കച്ചവട കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുളമ്പ് രോഗ ബാധയുള്ളതിനാലാണ് നിരോധമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും രോഗബാധയില്ലാത്തവയെയും അതിര്‍ത്തികളില്‍ തടഞ്ഞുവെക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം കേരളത്തിലെ കന്നുകാലി-ഇറച്ചി കച്ചവടക്കാര്‍ തൊഴിലില്ലായ്മയിലേക്കും കുടുംബങ്ങള്‍ പട്ടിണിയിലേക്കും എത്തുന്ന സാഹചര്യമാണുള്ളതെന്ന് അവര്‍ പറഞ്ഞു.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കന്നുകാലികള്‍ക്ക് ഇതേവരെ കുളമ്പ്‌രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ മാത്രമാണ് കുളമ്പ് രോഗമുള്ളത്. ഇത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 26ന് വൈകുന്നേരം കൊടുവള്ളി ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ പൊതുയോഗവും 30ന് രാവിലെ പത്തിന് കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ ധര്‍ണയും നടത്തും. അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും.