Connect with us

Malappuram

പയ്യനാട് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും അനുവദിക്കും

Published

|

Last Updated

മഞ്ചേരി: ഫെഡറേഷന്‍ കപ്പിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന മഞ്ചേരി ഫുട്‌ബോള്‍ അക്കാഡമി കായിക സമുച്ചയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും അനുവദിക്കുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ പറഞ്ഞു. സ്റ്റേഡിയം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് നാലര മണിയോടെ സ്റ്റേഡിയത്തിലെത്തിയ സായ് ഡയറക്ടറെ എം എല്‍ എ അഡ്വ. എം ഉമ്മര്‍, ജില്ലാ കലക്ടര്‍ കെ ബിജു, നഗരസഭാധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി, ഉപാധ്യക്ഷ ഇ കെ വിശാലാക്ഷി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്ന അവസാന മിനുക്കുപണികള്‍ സന്ദര്‍ശിച്ച ജിജി തോംസണ്‍ പുര്‍ണ സംതൃപ്തി രേഖപ്പെടുത്തി. സ്റ്റേഡിയം പ്രവൃത്തികള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും തന്റെ പ്രതീക്ഷകള്‍ക്കപ്പുറമാണ് സ്റ്റേഡിയത്തിന്റെ നിലവാരമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രത്യേകം എടുത്തുപറഞ്ഞ അദ്ദേഹം കായിക സമുച്ചയത്തിന് തന്റെ എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
ഉദ്ഘാടനം സംബന്ധിച്ച് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സ്റ്റേഡിയം സന്ദര്‍ശിക്കുന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായ കെ എം ഐ മേത്തര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. മൈതാനത്തിലെ പച്ചപ്പുല്ലുകള്‍ മൃദുവല്‍ക്കരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു. സ്റ്റേഡിയം, ഗ്യാലറി, പവലിയനുകള്‍, ഡ്രസ്സിംഗ് റൂം, ഒഫീഷ്യലുകളുടെ റൂമുകള്‍ എന്നിവയുടെ മിനുക്കുപണികള്‍ അവസാന ഘട്ടത്തിലാണ്.
സ്റ്റേഡിയത്തിലേക്ക് മഞ്ചേരിയില്‍ നിന്നുള്ള റോഡ് അറ്റകുറ്റപണികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും സ്റ്റേഡിയത്തിലേക്കുള്ള എളുപ്പവഴികളായ വായപ്പാറപ്പടി – വേട്ടേക്കോട് – പുല്ലഞ്ചേരി റോഡ്, പുല്ലഞ്ചേരി – നാണിയങ്ങാടി സ്റ്റേഡിയം റോഡ് എന്നിവ ശോചനീയാവസ്ഥയിലാണ്. ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്കുള്ള പ്രധാന പാതയാണിത്. റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് പുല്ലഞ്ചേരി നിവാസികള്‍ ഈ മാസം 30ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിക്കും.

Latest