Connect with us

Gulf

ഒമാനില്‍ മാതാപിതാക്കള്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തി വെച്ചു

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തു ജോലി ചെയ്യുന്ന വിദേശികളുടെ രക്ഷിതാക്കള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നത് മന്ത്രാലയം നിര്‍ത്തി വെച്ചു. ഇതു സംബന്ധിച്ച് എല്ലാ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്കും നിര്‍ദേശം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാതാപാതിക്കള്‍ക്ക് വിസയെടുക്കാനായി സമര്‍പ്പിച്ച അപേക്ഷകള്‍ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിരസിക്കപ്പെട്ടു.
മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശമാണെന്നും കാരണമെന്തെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ഒരു മുതിര്‍ന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. താത്കാലികമായായണ് നിയന്ത്രണമെന്നാണ് വിവരം. എന്നാല്‍ ശമ്പളമുള്‍പെടെയുള്ള ഏതെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല നിയന്ത്രണം. രക്ഷിതാക്കള്‍ക്ക് ആര്‍ക്കും വിസ അനുവദിക്കേണ്ടതില്ലെന്നാണ് നിര്‍ദേശമെന്നും ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച അപേക്ഷകളെല്ലാം നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യക്കും മക്കള്‍ക്കും മാത്രമേ ഫാമിലി ജോയിനിംഗ് വിസ ലഭിക്കൂ.
വിദേശികളുടെ ആധിക്യം കുറക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്നാണ് സൂചന. മൂന്നു ദിവസം മുമ്പാണ് അറിയിപ്പ് ഇമിഗ്രേഷന്‍ ഓഫീസുകളില്‍ ലഭിച്ചത്. ഒരു ജീവനക്കാരന്റെ അമ്മയുടെ വിസക്കായി വ്യാഴാഴ്ച സമര്‍പ്പിച്ച അപേക്ഷ നിരസിച്ചതായി മസ്‌കത്തിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജര്‍ പറഞ്ഞു. അപേക്ഷയുമായി കൗണ്ടറിലെത്തിയപ്പോഴാണ് പി ആര്‍ ഒമാര്‍ വിവരം അറിയുന്നത്. രക്ഷിതാക്കളുടെ വിസക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അപേക്ഷിക്കേണ്ടതില്ലെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പി ആര്‍ ഒമാരെ അറിയിച്ചു.exclusive
ഫാമിലി വിസക്ക് നിയന്ത്രണമേര്‍പെടുത്തിയതിനു പിറകേയാണ് മാതാപിതാക്കളുടെ വിസ പൂര്‍ണമായും നിര്‍ത്തിവെച്ചു കൊണ്ടുള്ള നിയന്ത്രണം. ഇത് രാജ്യത്ത് ജോലി ചെയ്യുന്ന നിരവധി പേരെ ബാധിക്കും. രക്ഷിതാക്കളെ കൊണ്ടു വന്ന് കൂടെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് നിയമം പ്രതിസന്ധി സൃഷ്ടിക്കുക. നിലവില്‍ വിസയുള്ളവര്‍ക്ക് അവ പുതുക്കി ലഭിക്കുമെന്നാണ് വിവരം. രാജ്യത്തെ തൊഴില്‍ മേഖലയോട് വിദേശികള്‍ക്കുള്ള ആകര്‍ഷണീയത കുറയുന്നതിനും ഇതു കാരണമാകുമെന്ന് പറയുന്നു. പല കമ്പനികളിലും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരും ദമ്പതികളില്‍ ഇരുവര്‍ക്കും ജോലിയുള്ളവരും മാതാപിതാക്കളെ ഇവിടെ കൊണ്ടു വന്നു നിര്‍ത്തുന്നുണ്ട്.
ഭാര്യയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കാന്‍ ചുരുങ്ങിയത് 600 റിയാല്‍ ശമ്പളം വേണമെന്ന നിയമം മാസങ്ങള്‍ക്കു മുമ്പാണ് നിലവില്‍ വന്നത്. ഇത് രാജ്യത്ത് ജോലി ചെയ്യുന്ന ആയിരങ്ങളെയാണ് ബാധിച്ചത്. ഫാമിലി വിസ ലഭിക്കാത്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിക്കാന്‍ തയാറാകുന്നവരും നിരവധിയുണ്ട്. ഈ നിയമത്തില്‍ ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ സൂചന നല്‍കി രക്ഷിതാക്കളുടെ വിസ നിര്‍ത്തി വെച്ചിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്കും മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാനാകാത്ത നിര്‍ദേശമാണ് പുതുതായി വന്നിരിക്കുന്നുത്. ഇതനുസരിച്ച് നിക്ഷേപകര്‍ക്കു മാത്രമേ രക്ഷിതാക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടു വരാന്‍ കഴിയൂ.
ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്കും ബാധമാകമായ നിയമം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സ്വകാര്യ ആശുപത്രി എച്ച് ആര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡോക്ടര്‍മാരുള്‍പെടെയുള്ളവര്‍ മാതാപിതാക്കളെ കൂടെ നിര്‍ത്തുന്നവരാണ്. പുതുതായി വരുന്നവര്‍ക്ക് വിസ ലഭിക്കില്ലെന്നത് അവര്‍ ജോലി വേണ്ടെന്നു വെക്കുന്നതിനിടയാക്കുമെന്നും രക്ഷിതാക്കളെ കൊണ്ടു വരേണ്ടതില്ലാത്തവരെ മാത്രം റിക്രൂട്ട് ചെയ്യേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു.

Latest