Connect with us

National

ഇറോം ശാര്‍മിളയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: മണിപ്പൂരിലെ സാമൂഹിക പ്രവര്‍ത്തക ഇറോം ശാര്‍മിളയെ ജനുവരി 30ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഡല്‍ഹിയിലെ ഒരു കോടതി ഉത്തരവിട്ടു. 2006ല്‍ ഇറോം ശര്‍മിള നടത്തിയ മരണം വരെയുള്ള നിരാഹാര വേളയില്‍ ആത്മഹത്യാ ശ്രമം നടത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് ഇവര്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറന്റുള്ളത്. ഒക്‌ടോബര്‍ 30ന് ഇതു സംബന്ധമായ കേസില്‍ കോടതിയില്‍ ഹാജരാകണമെന്ന് നേരത്തെ ഇവരോട് നിര്‍ദേശിച്ചിരുന്നു.
മണിപ്പൂരിലെ വിവാദമായ അഫ്‌സ്പ(ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) എടുത്തുകളയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 12 വര്‍ഷമായി പോരാട്ടം തുടരുന്ന സാമൂഹിക പ്രവര്‍ത്തകയാണ് ഇറോം ശാര്‍മിള. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ആകാശ് ജയിനാണ് അടുത്ത വര്‍ഷം ജനുവരി മുപ്പതിന് ഇവരെ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ശാര്‍മിളക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ റെക്കോര്‍ഡ് ചെയ്യും. ഐ പി സി 309 അനുസരിച്ച് ആത്മഹത്യാ ശ്രമം നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഇറോം ശാര്‍മിള നിഷേധിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതി നേരത്തെ ഇവരെ വിചാരണ ചെയ്തിരുന്നു.
കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ പരമാവധി ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇറോം ശാര്‍മിളക്കെതിരെ ചുമത്തിയിട്ടുള്ളത്. 2000 മുതല്‍ നിരാഹാരമിരിക്കുന്ന ഇവര്‍ക്ക് ഭക്ഷണം മൂക്കില്‍ ഘടിപ്പിച്ച കുഴല്‍ വഴിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജീവിതത്തെ ഇഷ്ടപ്പെടുന്ന താന്‍ നീതിയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും ഇറോം ശര്‍മിള വ്യക്തമാക്കി.