ചിറ്റൂര്‍ നിയോജക മണ്ഡല സമഗ്ര വികസന ശില്‍പ്പശാല തുടങ്ങി

Posted on: December 19, 2013 7:50 am | Last updated: December 19, 2013 at 7:50 am

പാലക്കാട്: പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ബോധവത്കരണം നടത്താന്‍ തദേശസ്വയം’ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്ന് കെ അച്യുതന്‍ എം എല്‍ എ പറഞ്ഞു. ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്രവികസന ശില്‍പ്പശാല തൃശ്ശൂര്‍ മുളംകുന്നത്തുകാവ് കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം സ്വന്തം വാര്‍ഡില്‍ മാത്രം എന്ന നയം തിരുത്തി പഞ്ചായത്തിന് ഗുണം ലഭിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. വിദ്യാഭ്യാസ മേഖലക്കാണ് മുന്‍ഗണന നല്‍കേണ്ടത്. അതു കഴിഞ്ഞാല്‍ കുടിവെള്ളത്തിനും മാലിന്യനിര്‍മാര്‍ജനത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദേഹം പറഞ്ഞു.
കോഴിമാലിന്യമുള്‍പ്പെടെയുള്ളവ റോഡിലേക്ക് വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണം. അന്ധമായ രാഷ്ട്രീയം ഉപേക്ഷിച്ച് പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികളാണ് ആവിഷ്‌ക്കരിക്കേണ്ടതെന്നും എം എല്‍ എ നിര്‍ദേശിച്ചു.— കില അസോസിയേറ്റ് പ്രൊഫ. ഡോ. സണ്ണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ കെ എം സലിം, കോര്‍ഡിനേറ്റര്‍ പി വി രാമകൃഷ്ണന്‍ സംസാരിച്ചു. ചിറ്റൂര്‍ – തത്തമംഗലം നഗരസഭ വെസ് ചെയര്‍മാന്‍ ശങ്കരമേനോന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റിഷ പ്രേംകുമാര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വാസുദേവന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചയത്ത് വൈസ് പ്രസിഡന്റ് ശാന്തിനി മണികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മുരളി (നല്ലേപ്പിള്ളി), പി എസ് ശിവദാസന്‍ (പട്ടഞ്ചേരി), എ മോഹന്‍ദാസ് (വൈസ് പ്രസി. വടകരപ്പതി), പി ബാബു (പെരുവെമ്പ്), പ്രസീത (പൊല്‍പ്പുള്ളി), വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.