നയതന്ത്രജ്ഞയെ അപമാനിച്ച സംഭവം: അമേരിക്ക മാപ്പു പറയണമെന്ന് ഇന്ത്യ

Posted on: December 18, 2013 7:43 am | Last updated: December 18, 2013 at 10:52 am
india us
ഡല്‍ഹിയില്‍ യു എസ് എംബസിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകള്‍ മാറ്റുന്നു

ന്യൂഡല്‍ഹി: അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ നഗ്നയാക്കി ദേഹപരിശോധന നടത്തിയ സംഭവത്തില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. അമേരിക്ക നിരുപാധികമായി മാപ്പു പറയണമെന്ന് നഗരവികസനകാര്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കും കുടുംബങ്ങള്‍ക്കും എയര്‍പോര്‍ട്ട് പാസ്, ഇറക്കുമതി ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇളവുകള്‍ എടുത്തുകളയും. ഇതിന്റെ ഭാഗമായി മുഴുവന്‍ നയതന്ത്ര ഉദ്യോഗസ്ഥരോടും ഇവരുടെ കുടുംബങ്ങളോടും തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നയതന്ത്രജ്ഞരോടുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ് തിരിച്ചും ഇതേ രീതിയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. നടപടിയെ സംസ്‌കാരശൂന്യമെന്നാണ് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വിശേഷിപ്പിച്ചത്. ദേവയാനിയെ വിലങ്ങുവെച്ചതും മോഷ്ടാക്കളടക്കമുള്ള പ്രതികള്‍ക്കൊ പ്പം ലോക്കപ്പില്‍ പാര്‍പ്പിച്ചതും രാജ്യത്തെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ സ്‌കൂളുകളിലെ ഇന്ത്യന്‍ അധ്യാപകരുടെ വിസ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ മറ്റു ഇന്ത്യക്കാരുടെ ബേങ്ക് അക്കൗണ്ടുകളുടെ വിശദ വിവരങ്ങളും നല്‍കണമെന്നും ഇന്ത്യ വ്യക്തമാക്കി. ഇതിന് പുറമെ, അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മദ്യം ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതി ക്ലിയറന്‍സും റദ്ദാക്കിയിട്ടുണ്ട്. ന്യായ മാര്‍ഗിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിന് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

ആയയെ കൊണ്ടുവരുന്നതിനുള്ള വിസയില്‍ കൃത്രിമം കാണിച്ചുവെന്ന കേസില്‍ കഴിഞ്ഞ ആഴ്ചയിലാണ് ന്യൂയോര്‍ക്കില്‍ ദേവയാനി അറസ്റ്റിലാകുന്നത്. ഇതിന്റെ പേരില്‍ വിദേശ കാര്യ സെക്രട്ടറി സുജാത സിംഗ്, അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലിനെ വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക സംഘം യു എസ് കോണ്‍ഗ്രസ് പ്രതിനിധികളുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും റദ്ദാക്കിയിരുന്നു. അമേരിക്കന്‍ സംഘവുമായി ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ ഇന്നലെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും മാറ്റിവെച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ ശങ്കര്‍ മേനോന്‍, രാഹുല്‍ ഗാന്ധി, ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും അമേരിക്കന്‍ പ്രതിനിധികളുമായി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയിട്ടുണ്ട്.
വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യൂട്ടി സ്ഥാനപതിയായ ദേവയാനിയെ അറസ്റ്റ് ചെയ്തത്. കുറഞ്ഞ ശമ്പളത്തില്‍ ആയയെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ തെറ്റായ രേഖകള്‍ നല്‍കിയെന്നാണ് കേസ്. രണ്ട് കുട്ടികളുടെ മാതാവായ ദേവയാനിയുടെ വീട് വിട്ട ആയ പിന്നീട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയെ സ്‌കൂളില്‍ വിട്ട് മടങ്ങവേ പരസ്യമായി അറസ്റ്റ് ചെയ്ത ദേവയാനിയെ വിലങ്ങ് വെച്ചാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.