മരുന്നുമാറി കുത്തിവെച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചതായി ബന്ധുക്കള്‍

Posted on: December 17, 2013 12:10 pm | Last updated: December 17, 2013 at 12:10 pm

meera tvmതിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ മരുന്ന് മാറി നല്‍കി പെണ്‍കുട്ടി മരിച്ചതായി ആരോപണം. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മീരാ മോഹനാണ് (14) മരണപ്പെട്ടത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ ബഹളമുണ്ടാക്കി. വയറുവേദനയെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ കുളത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഡോക്ടര്‍ മരുന്ന് കുത്തിവെച്ച് അല്‍പസമയത്തിനകം തന്നെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത് ഡോക്ടര്‍ വിലക്കി. മൃതദേഹം കീറിമുറിക്കുമെന്ന് പറഞ്ഞാണ് വിലക്കിയത് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

നെയ്യാറ്റിന്‍കര ഡി വൈ എസ് പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. നെയ്യാറ്റിന്‍കര വിരാലി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മീര. മോഹനനാണ് അച്ഛന്‍.