പോളിംഗ് ശതമാനം വര്‍ധിപ്പിക്കല്‍ കനത്ത വെല്ലുവിളി: വി എസ് സമ്പത്ത്‌

Posted on: December 16, 2013 6:26 am | Last updated: December 16, 2013 at 8:33 am

sampathന്യൂഡല്‍ഹി: 2014ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും. പോളിംഗ് ശതമാനം ഉയരുകയെന്നത് ജനാധിപത്യത്തിന്റെ വിജയമാണ് കാണിക്കുന്നത്. അതുകൊണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പേരെ ബൂത്തിലെത്തിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ മണ്ഡലങ്ങളായതിനാല്‍ പൊതുവെ പോളിംഗ് ശതമാനം കുറവായിരിക്കും. രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനോളം പ്രാധാന്യം നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് ഉയര്‍ന്ന പോളിംഗ് ശതമാനം നിലനിര്‍ത്തുക വെല്ലുവിളിയാകുന്നത്. അദ്ദേഹം പറഞ്ഞു.