Connect with us

Kerala

ഫേസ്ബുക്ക് വിവാദം: കമ്മീഷണര്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫോണ്‍ ഉപയോഗവും ഫേസ്ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നിന്നു തന്നെ പ്രതികള്‍ ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് ജയിലില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് ഫോണുകളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തില്‍ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടി പി വധക്കേസിലെ പ്രതികളുടെ ഫോണ്‍ വിളി കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഹമ്മദ് ഷാഫിയുടെ സിം പുറത്തുകടത്തിയ പ്രതി ജിജേഷ് ഒളിവില്‍ പോയ സാഹചര്യത്തില്‍ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പോകരുതെന്ന കര്‍ശന നിര്‍ദേശവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൊഴി എടുക്കുന്നതിന് ഹാജരാകാന്‍ മുമ്പ് ജോലി ചെയ്തതും അല്ലാത്തവരുമായ 24 ജീവനക്കാര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. വിശദമായ മൊഴിയെടുക്കാന്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ദിവസം അഞ്ച് പേരില്‍ നിന്നു മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.