Connect with us

National

സര്‍ക്കാര്‍ രൂപീകരണം: കര്‍ശന ഉപാധികളുമായി ആം ആദ്മി പാര്‍ട്ടി

Published

|

Last Updated

kejrival

ന്യൂഡല്‍ഹി: ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന്റെ സൂചന നല്‍കി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എ എ പി) രംഗത്ത്. സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പത്ത് ദിവസത്തെ സമയം അനുവദിക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. സര്‍ക്കാറുണ്ടാക്കാന്‍ എ എ പിയെ നിരുപാധികമായി പിന്തുണക്കുമെന്ന് കോണ്‍ഗ്രസും എ എ പി സര്‍ക്കാറുണ്ടാക്കിയാല്‍ എതിര്‍ക്കില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പതിനെട്ട് വിഷയങ്ങളില്‍ തീരുമാനം അറിയുന്നതിനായി ഇരു കക്ഷികളുടെയും അധ്യക്ഷന്മാര്‍ക്ക് എ എ പി കത്ത് നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്.

ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കാനോ അവരുടെ പിന്തുണ സ്വീകരിക്കാനോ സമയം ആവശ്യമുണ്ട്. കോണ്‍ഗ്രസ് നിരുപാധികമായ പിന്തുണയാണ് നല്‍കിയിരിക്കുന്നതെന്നും ഇതിനു പിന്നിലുള്ള ഉദ്ദേശ്യം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കെജ്‌രിവാള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ജന്‍ ലോക്പാല്‍ ബില്‍, സ്ത്രീ സുരക്ഷ, വൈദ്യുത കമ്പനികളുടെ ഓഡിറ്റിംഗ് എന്നീ വിഷയങ്ങളുള്‍പ്പെടെ പതിനെട്ട് കാര്യങ്ങളില്‍ തീരുമാനം അറിയിക്കാനാണ് കോണ്‍ഗ്രസ്, ബി ജെ പി നേതാക്കളോട് എ എ പി ആവശ്യപ്പെട്ടിട്ടുള്ളത്. ഇരു കക്ഷികളുടെയും മറുപടി ലഭിച്ച ശേഷം അവ ജനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ ഇരു കക്ഷികള്‍ക്കും പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കിയ എ എ പി, കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ തള്ളിയിരുന്നു. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പി വിസമ്മതിച്ച സാഹചര്യത്തിലാണ് രണ്ടാമത്തെ വലിയ കക്ഷിയായ എ എ പിയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ചര്‍ച്ചക്ക് ക്ഷണിച്ചത്. സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് മുന്നില്‍കണ്ടാണ് ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതെന്ന അഭ്യൂഹങ്ങളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനമോ അന്നാ ഹസാരെയുടെ നിരാഹാര സമരമോ കണ്ടല്ല ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു. വിവരാവകാശ നിയമം അഴിമതി തടയാനുള്ള ശക്തമായ ചുവടുവെപ്പായിരുന്നു. ലോക്പാല്‍ ബില്‍ ഈ ശ്രമം പൂര്‍ണമാക്കുന്നുവെന്നേയുള്ളൂ. പാര്‍ട്ടികള്‍ തമ്മില്‍ സമവായമുണ്ടെങ്കില്‍ ലോക്പാല്‍ പാസ്സാക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കമാണെന്നും രാഹുല്‍ പറഞ്ഞു.
ജനങ്ങള്‍ കൂടുതല്‍ വോട്ടും സീറ്റും നല്‍കിയ തങ്ങള്‍ക്ക് മേല്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്ന ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ ധാര്‍ഷ്ട്യമാണ് പ്രകടിപ്പിക്കുന്നതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. എ എ പി രാഷ്ട്രീയ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ ഹാറൂണ്‍ യൂസുഫ് പറഞ്ഞു.

Latest