ഹയര്‍ സെക്കന്‍ഡറി മേഖലാ ഉപകേന്ദ്രം: ഉദ്ഘാടനം നാലിന്

Posted on: December 13, 2013 6:51 am | Last updated: December 13, 2013 at 6:51 am

മലപ്പുറം: സംസ്ഥാനത്ത് പുതുതായി അനുവദിച്ച മൂന്ന് മേഖലാ കേന്ദ്രങ്ങളില്‍ ആദ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് മലപ്പുറത്ത് നടക്കും.
മലപ്പുറം-പാലക്കാട് ജില്ലകളിലെ 400 ഓളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഉപകാരപ്രദമാകുന്ന കേന്ദ്രം സിവില്‍ സ്റ്റേഷനില്‍ ഉപഭോക്തൃ കോടതിയോടനുബന്ധിച്ച കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങുക.
കെട്ടിട നവീകരണത്തിനായി അഞ്ച് ലക്ഷം പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടറടക്കമുള്ള ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഉപകേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ ആദ്യ ഉത്ഘാടനം നടക്കുന്നത് മലപ്പുറത്താണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നു. പി ഉബൈദുല്ല എം എല്‍ എ ചെയര്‍മാനായ സംഘാടകസമിതി രൂപവത്കരിച്ചു.
ജനപ്രതിനിധികള്‍, സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘാടക സമിതിയുടെ ഭാഗമായി വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
അടുത്തമാസം നാലിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്ര 10.30 ന് ടൗണ്‍ ഹാളില്‍ എത്തുമ്പോള്‍ ഉദ്ഘാടന പരിപാടി തുടങ്ങും. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
പി ഉബൈദുല്ല എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി വനജ, എ ഡി എം. പി മുരളീധരന്‍, ഹയര്‍ സെക്കന്‍ഡറി നിയുക്ത ഡെപ്യൂട്ടി ഡയറക്ടര്‍ സത്യന്‍ പങ്കെടുത്തു.