Connect with us

Kerala

ഘടക കക്ഷികളുടെ വിമര്‍ശം മുന്നണിയെ തകര്‍ക്കാനല്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മുന്നണിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഘടക കക്ഷികള്‍ വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആഭ്യന്തര വകുപ്പിന് എന്നും കല്ലേറ് കിട്ടാറുണ്ടെന്നും വകുപ്പ് കൈകാര്യം ചെയ്തവര്‍ എല്ലാകാലത്തും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ആക്ഷേപങ്ങള്‍ പരിശോധിച്ചും സഹിഷ്ണുതയോടെ നേരിട്ടും മുന്നോട്ടു പോകും. സര്‍ക്കാറിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടണമെന്നാണ് തന്റെ ആഗ്രഹം. എല്ലാവരും അതാണ് പ്രകടിപ്പിക്കുന്നത്. വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണണം. ടി പി വധക്കേസ് പോലെ മറ്റൊരു അന്വേഷണം കേരളത്തില്‍ നടന്നിട്ടില്ല. പലരെയും ഞെട്ടിച്ചു. പാര്‍ട്ടി നല്‍കുന്ന പട്ടിക അനുസരിച്ച് പ്രതികളെ പിടികൂടുന്ന രീതി അവസാനിച്ചത് ടി പി, ഷുക്കൂര്‍ വധക്കേസുകളിലൂടെയാണ്. വാടകക്കൊലയാളികള്‍ മാത്രമല്ല, അവരെ അയച്ചവരും സമാധാനം പറയണം എന്ന നില വന്നു. ഇക്കാര്യം അധികം വൈകാതെ ജനത്തിന് ബോധ്യപ്പെടും. ടി പി വധക്കേസില്‍ 20 പേരെ വെറുതെ വിട്ടതില്‍ ഉചിതമായ നടപടി സ്വീകരിക്കും. ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായി ജനങ്ങളില്‍ എത്തുന്നില്ല. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാട് എന്താണ്. നിയമസഭയില്‍ ഉന്നയിക്കുന്നതുപോലെയും ബ്രേക്കിംഗ് ന്യൂസ് പോലെയും അല്ല. കമ്മീഷനു മുന്നില്‍ തെളിവ് ഹാജരാക്കണം. അതൊന്നും ചെയ്യാതെ പുകമറ സൃഷ്ടിക്കാനാണ് ശ്രമം.
കേരളത്തിലെ കോണ്‍ഗ്രസില്‍നിന്നും ഹൈക്കമാന്‍ഡില്‍ നിന്നും താഴെതട്ടില്‍നിന്നും അര്‍ഹിക്കുന്നതിനെക്കാള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.