സര്‍ക്കാര്‍- കോണ്‍ഗ്രസ് ഏകോപന സമിതിയില്‍ ഘടക കക്ഷികള്‍ക്ക് രൂക്ഷ വിമര്‍ശം

Posted on: December 12, 2013 12:09 am | Last updated: December 11, 2013 at 11:49 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ഘടക കക്ഷികളെ നിലക്ക് നിര്‍ത്തണമെന്ന് സര്‍ക്കാര്‍- കെ പി സി സി ഏകോപന സമിതി യോഗത്തില്‍ ആവശ്യം. കോണ്‍ഗ്രസ് സമ്മര്‍ദം നേരിടുന്ന അവസരം ഘടക കക്ഷികള്‍ മുതലെടുക്കുകയാണ്. ലീഗിന്റെ വിമര്‍ശം ഇതിന്റെ ഭാഗമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലുള്ള പ്രതിഷേധം വഷളാക്കിയത് കേരളാ കോണ്‍ഗ്രസിന്റെ ഇടപെടലാണെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഘടകകക്ഷികളുടെ അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങരുത്. ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സുധാകരനും ഒരുമിച്ച് നിന്ന് ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശവും യോഗത്തിലുണ്ടായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കണം. താമരശ്ശേരി മേഖലയില്‍ നടന്ന സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇത് മൂലം കോഴിക്കോട്, വയനാട് പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി യോഗം വിളിച്ചുചേര്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ട്.
തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളാണെന്നും യോഗം വിലയിരുത്തി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ യു ഡി എഫിനെ ശക്തിപ്പെടുത്താനും പാര്‍ട്ടിയെ കര്‍മോത്സുകമാക്കി മുന്നോട്ടുകൊണ്ടുപോകാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് യോഗത്തിന് ശേഷം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക ദുരീകരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണം. ഇതിനായി വീണ്ടും കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തോയെന്ന ചോദ്യത്തിന്, ഏതെങ്കിലും പ്രത്യേക വകുപ്പിന്റെ കാര്യം ചര്‍ച്ച ചെയ്തില്ലെന്നും എല്ലാ വകുപ്പുകളും ഊര്‍ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതും സര്‍ക്കാറിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് പോകാനുള്ള സമയമാണിത്. സംഘടനാതലത്തിലും സര്‍ക്കാര്‍ തലത്തിലും കൂടുതല്‍ യോജിപ്പോടെ മുന്നോട്ടുപോകേണ്ടതുണ്ട്. നിലവില്‍ ഘടകകക്ഷികള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് വിശദമായി ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് യോഗം ഉടന്‍ ചേരും. ഇനിയുള്ള നാലുമാസത്തെ കര്‍മപരിപാടികള്‍ക്ക് അതിന് ശേഷം രൂപം നല്‍കും. ഇക്കാര്യങ്ങള്‍ നേതൃയോഗം വിളിച്ച് ചര്‍ച്ച ചെയ്യും.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം ഘടക കക്ഷികള്‍ മുതലെടുക്കുകയാണോയെന്ന ചോദ്യത്തിന്, കോണ്‍ഗ്രസിന് പരാജയവും വിജയവും പുത്തരിയല്ലെന്നായിരുന്നു മറുപടി. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് എന്നും ശ്രമിച്ചിട്ടുള്ളത്.
വിജയത്തെ ചവിട്ടുപടിയാക്കാനും വെല്ലുവിളികളെ അവസരമാക്കി മാറ്റാനുമാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഒരു പരാജയത്തിന്റെ പേരില്‍ തകര്‍ന്നുപോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഇടതുമുന്നണി, പ്രത്യേകിച്ച് സി പി എം നടത്തുന്ന ജനവിരുദ്ധ സമരങ്ങളില്‍ നിന്ന് പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ എല്‍ ഡി എഫ് നടത്തുന്ന സമരങ്ങളെ അദ്ദേഹം അപലപിച്ചു. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനോട് സഹകരിക്കാതെ ജനാധിപത്യവിരുദ്ധ സമരമാണ് സി പി എം നടത്തുന്നത്. ക്ലിഫ് ഹൗസിന് മുന്നില്‍ ഇപ്പോള്‍ നടന്നുവരുന്ന സമരം ഉപേക്ഷിക്കണം. മുഖ്യമന്ത്രിക്കെതിരെ സി പി എം ഇതുവരെ നടത്തിയ സമരങ്ങള്‍ക്കൊന്നും ജനപിന്തുണ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.