കല്യാണ്‍ ജ്വല്ലേഴ്‌സ് യു എ ഇയില്‍ വന്‍ നിക്ഷേപം നടത്തും: 26ന് ആറ് ഷോറൂമുകള്‍ തുറക്കും

Posted on: December 10, 2013 7:00 pm | Last updated: December 10, 2013 at 7:46 pm

ദുബൈ: ഇന്ത്യയിലെ പ്രമുഖ ആഭരണശൃംഖലയായ കല്യാണ്‍ ജ്വല്ലേഴ്‌സ് 26ന് യു എ ഇയില്‍ ആറ് ഷോറൂമുകള്‍ തുറക്കുമെന്ന് ചെയര്‍മാനും എം ഡിയുമായ ടി എസ് കല്യാണരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അബുദാബി, ഷാര്‍ജ, ദുബൈ, ഖിസൈസ്, കറാമ, ബര്‍ദുബൈ, മിനാ ബസാര്‍, ബര്‍ദുബൈ അല്‍ ഫാഹിദി സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍.
അബുദാബിയില്‍ രാവിലെ പത്തിന് ശിവരാജ് കുമാറും മഞ്ജു വാര്യരും ഷാര്‍ജയില്‍ രാവിലെ 11.45ന് നാഗാര്‍ജുനയും മഞ്ജു വാര്യരും ഖിസൈസില്‍ ഉച്ചക്ക് 12.45ന് ഐശ്വര്യ റായും മഞ്ജു വാര്യരും കറാമയില്‍ ഉച്ച കഴിഞ്ഞ് 1.30ന് പ്രഭുവും മഞ്ചു വാര്യറും ദുബൈ മിനാ ബസാറില്‍ വൈകുന്നേരം നാലിന് അമിതാഭ് ബച്ചനും മഞ്ചു വാര്യറും ബര്‍ദുബൈയില്‍ വൈകുന്നേരം 4.30ന് അമിതാഭ് ബച്ചനും മഞ്ചുവാര്യറും ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രേഡ് സെന്ററില്‍ സ്റ്റേജ് ഷോ നടത്തും.
250 കോടി രൂപയുടെ നിക്ഷേപമാണ് വരും വര്‍ഷം നടത്തുന്നത്. ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലുമായി 20 ഓളം ജ്വല്ലറികള്‍ രണ്ടു വര്‍ഷത്തിനകം ആരംഭിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 52 ചില്ലറ വില്‍പ്പനശാലകളുണ്ട്. 200 കോടി ഡോളറാണ് വിറ്റുവരവ്.
യു എ ഇയില്‍ ഓരോ ഷോറൂമും ഏതാണ്ട് 5,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ്. ഓരോ സ്ഥലത്തിന്റെയും സവിശേഷതകള്‍ കണ്ടറിഞ്ഞ് വൈവിധ്യമാര്‍ന്ന രൂപകല്‍പ്പന അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സി. ഡയറക്ടര്‍മാരായ രമേഷ് കല്യാണരാമന്‍, രാജേഷ് കല്യാണരാമന്‍ സംബന്ധിച്ചു.