Connect with us

Gulf

ഹനീഫ വധം: പ്രതികള്‍ പിടിയില്‍

Published

|

Last Updated

ദുബൈ: റാശിദിയ ഉമ്മുറമൂലില്‍ മലയാളി ജീവനക്കാരനെ കൊലപ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. സംഘത്തില്‍
നാല് റഷ്യക്കാരും ഒരു ചൈനക്കാരനുമാണ് പിടിയിലായത്. കാസര്‍കോട് ഉദുമ കാപ്പില്‍ ഹനീഫ (32)യാണു കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിന് പ്രതികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം കടയിലെത്തി സാധനങ്ങള്‍ വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തി. പരിസരവും സാഹചര്യങ്ങളും വിലയിരുത്താനാണിതെന്നു കരുതുന്നു. കൗണ്ടറിലും സമീപത്തും കുറേ നേരം ചെലവഴിച്ചു. പാന്റ്‌സും ടീഷര്‍ട്ടുമായിരുന്നു വേഷം.
സി സി ടി വി ദൃശ്യങ്ങളും ഇതുവഴികടന്നുപോയ വാഹനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. നിരവധി പേരെ ചോദ്യം ചെയ്തു. ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മേഖലയെ നടുക്കിയ കൊലപാതകം.
വ്യാഴാഴ്ച രാത്രിയിലെ ഉള്‍പ്പെടെ കളക്ഷന്‍ തുക കടയിലുണ്ടായിരുന്നു. ടെലിഫോണ്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ 60,000 ദിര്‍ഹത്തിന്റെ കവര്‍ച്ചയാണു നടന്നത്. സൂപ്പര്‍മാര്‍ക്കറ്റും അതിനോടു ചേര്‍ന്ന റസ്റ്റോറന്റുമാണിത്. റസ്റ്ററന്റ് ജീവനക്കാരനായ ഹനീഫ മറ്റു ജീവനക്കാര്‍ താമസസ്ഥലത്തേക്കു മടങ്ങിയശേഷം അടുക്കളയും പരിസരവും വൃത്തിയാക്കുമ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ പ്രതികള്‍ ഉള്‍പ്പെടുന്ന കുടുംബം റസ്റ്റോറന്റിനോട് അനുബന്ധിച്ചുള്ള സൂപ്പര്‍മാര്‍ക്കറ്റിലത്തെിയിരുന്നു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവരാണെന്ന് ബോധ്യമായി. കാമറ വെച്ച സ്ഥലങ്ങള്‍ ഇവര്‍ പരിശോധിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കവര്‍ന്ന തുകയും പാസ്‌പോര്‍ട്ടും തിരികെ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഹനീഫയെ കൊന്നശേഷം 60,000 ദിര്‍ഹവും വിവിധ സ്ഥാപനങ്ങളിലേതടക്കം ജോലിക്കാരുടെ 70 പാസ്‌പോര്‍ട്ടുകളും അടങ്ങിയ ലോക്കറും മൊബൈലുകളും റീചാര്‍ജ് കൂപ്പണുകളും അക്രമികള്‍ കവര്‍ന്നിരുന്നു. ദുബൈ പൊലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍വലയിലായത്. രണ്ടുദിവസത്തിനകം തന്നെ പ്രതികളെ പിടിക്കാനായത് ദുബൈ പോലീസിന്റെ മറ്റൊരു നേട്ടമായി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാസര്‍കോട് ഉദുമയിലെ കാപ്പില്‍ ഇബ്രാഹിമിന്റെ മകന്‍ ഹനീഫ ദാരുണമായ കൊലക്കിരയായത്. മൂന്നു മണിയോടെ റെസ്‌റ്റോറന്റില്‍ ജോലിക്കത്തെിയവര്‍ നടത്തിയ തെരച്ചിലിലാണ് സമീപത്തെ ഗാരേജിലെ തറയില്‍ ഹനീഫിന്റെ മൃതദേഹം കണ്ടത്.
കൊല നടന്ന ദിവസത്തെ സിസി ടിവി ദൃശ്യങ്ങളില്‍ അക്രമികളില്‍ രണ്ടുപേരെ വ്യക്തമായി കണ്ടിരുന്നു. കൊല നടത്തിയത് യുറോപ്യന്‍മാരാണെന്നും റഷ്യക്കാരുടെ രൂപസാദൃശ്യമാണ് ഇവര്‍ക്കുള്ളതെന്നും പൊലീസ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.