നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍ പാത അട്ടിമറിച്ചത് എം ഐ ഷാനവാസ്: സി പി എം

Posted on: December 10, 2013 7:39 am | Last updated: December 10, 2013 at 7:39 am

കല്‍പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍ പാത അട്ടിമറിച്ചത് എം ഐ ഷാനവാസാണെന്ന് സി പി എം ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു. 2009ല്‍ കേന്ദ്ര ആസൂത്രണ കമീഷന്‍ അംഗീകാരം നല്‍കിയ പാത നടപ്പാകാതിരുന്നത് ഷാനവാസിന്റെ പരാജയമാണ്. ഈ തെറ്റ് അംഗീകരിച്ച് വയനാട്ടുകാരോട് മാപ്പ് പറയാന്‍ ഷാനവാസ് തയ്യാറാകണം. പകരം അടുത്ത ബജറ്റില്‍ റെയില്‍പാതക്ക് ഫണ്ട് വകയിരുത്തുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടേയും ഷാനവാസിന്റെയും ശ്രമം അപഹാസ്യമാണ്.
ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലയളവില്‍ സംസ്ഥാന സര്‍കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഈ പാതയുടെ സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ആസൂത്രണ കമീഷന്‍ അംഗീകാരവും നല്‍കി.
2010ലെ ബജറ്റില്‍ പാതക്ക് തുക വകയിരുത്തേണ്ടതിന് പകരം വീണ്ടും സര്‍വേ നടത്താന്‍ തീരുമാനിച്ചത് വഴി ഷാനവാസ് പദ്ധതി അട്ടിമറിക്കുകയായിരുന്നു. മാത്രമല്ല പിന്നീട് പാസാക്കിയ നാല് ബജറ്റുകളിലും പാതക്ക് ഫണ്ട് വകയിരുത്താതിരുന്നതാണ് റെയില്‍വേ സ്വപ്‌നത്തിന് തിരിച്ചടിയായത്. പ്ലാനിംഗ് കമീഷന്‍ അംഗീകരിച്ച പാത യാഥാര്‍ത്ഥ്യമാക്കാതെ അട്ടിമറിച്ച എം പിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാസ്തവ പ്രസ്താവന ഇറക്കി ജനങ്ങളെ കബളിപ്പിക്കുന്നതെന്നും സി പി എം കുറ്റപ്പെടുത്തി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിച്ച ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ റെയില്‍ പാത നിര്‍മിക്കാന്‍ പാടില്ല എന്ന കാര്യം മറച്ച് വെച്ചാണ് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നത്.
വന്യജീവി സങ്കേതത്തിലൂടെയുള്ള ഗതാഗതം നിരോധിക്കണമെന്ന് വന്യജീവി ബോര്‍ഡ് നിര്‍ദേശവും പാതക്ക് ഭീഷണിയാണ്.
നിയമങ്ങള്‍ ഇത്രയും കര്‍ശനമല്ലാതിരുന്ന കാലത്ത് പോലും റെയില്‍പാതക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല പദ്ധതി അട്ടിമറിച്ച എം പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രസ്താവന നടത്തുന്നത് ലജ്ജാകരവും അപഹാസ്യവുമാണ്. റെയില്‍പാത നടപ്പാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യത്തിലും എം പി തികഞ്ഞ പരാജയമാണെന്ന് മറ്റ് ഘടകകക്ഷികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. റെയില്‍ പാതയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രിയെയും ഷാനവാസിനെയും വെള്ള പൂശാനുള്ള ചില സംഘടനകളുടെ രാഷ്ട്രീയ അജന്‍ഡയും ജനങ്ങള്‍ തിരിച്ചറിയും. റെയില്‍ പാത അനുവദിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയ എം പി നടത്തിയ വഞ്ചനക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സി പി എം അഭിപ്രായപ്പെട്ടു.