പുതിയ തസ്തികകള്‍ക്ക് ഭരണാനുമതിയില്ല; ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ വൈകുന്നു

Posted on: December 8, 2013 7:16 am | Last updated: December 8, 2013 at 7:16 am

ഗുരുവായൂര്‍: പുതിയ തസ്തികകള്‍ക്ക് ഭരണാനുമതി നല്‍കാന്‍ വൈകുന്നത് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നതിന് കാലതാമസം വരുത്തുന്നു.
ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴില്‍ ആറ് എസ് ഐമാരും 50 സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന തരത്തിലാണ് ആഭ്യന്തര വകുപ്പും സര്‍ക്കാറും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷനായി നിശ്ചയിച്ചിരുന്നത്. ഈ തസ്തികകള്‍ക്ക് വകുപ്പ്തലത്തിലും, ധനകാര്യ വകുപ്പ് തലത്തിലും അംഗീകാരം നല്‍കാന്‍ വൈകുന്നതാണ് ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നിലവിലെ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന്‍ കണ്ടാണശേരിയില്‍ ഒരുക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി നിലവിലെ പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിലാണ് ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുക. ടെമ്പിള്‍ പോലീസ് സ്‌റ്റേഷനായി നിലിവിലെ ദേവസ്വം വക കെട്ടിടം ദേവസ്വം 12 ലക്ഷം രൂപയോളം ചെലവഴിച്ച് ടെമ്പിള്‍ പോലീസ് സ്‌റ്റേഷനായി നവീകരിച്ചിട്ടുണ്ട്. ടെമ്പിള്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് എം എല്‍ എമാരായ പി.എ മാധവന്‍, കെ വി അബ്ദുല്‍ ഖാദര്‍, അസി. പോലീസ് കമ്മീഷണര്‍ ആര്‍ കെ ജയരാജ് എന്നിവര്‍ ഇന്നലെ കൂടിയാലോചന നടത്തി. ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന്‍ കണ്ടാണശേരിയിലേക്ക് മാറ്റി ജനുവരി 15നകം ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കാനായി എം എല്‍ എമാരും പോലീസും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ തീരുമാനിച്ചു. ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന്‍ കണ്ടാണശേരിയിലേക്ക് മാറ്റ ുമ്പോള്‍ ചൂണ്ടല്‍ പഞ്ചായത്തിനെ കൂടി ഗുരുവായൂര്‍ പോലീസിനു കീഴിലാക്കാനുള്ള വകുപ്പുതല ശ്രമ ം നടക്കുന്നുണ്ട്.