വാടക വര്‍ധനവിന് ഇടനിലക്കാരുടെ ശ്രമം

Posted on: December 7, 2013 7:00 pm | Last updated: December 7, 2013 at 7:25 pm

ദുബൈ: സാമ്പത്തികമാന്ദ്യം അവസാനിച്ചതോടെ, വാടക വര്‍ധനവിന് ഇടനിലക്കാര്‍ രംഗത്തിറങ്ങിയതായി സൂചന. പല എമിറേറ്റുകളിലും കൃത്രിമ സാഹചര്യം സൃഷ്ടിക്കുകയാണ് ഇടനിലക്കാര്‍. അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് വാടക വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. അബുദാബിയില്‍ പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ചില റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ശ്രമിക്കുന്നുണ്ട്. വാടക കരാര്‍ പുതുക്കുമ്പോള്‍ പരമാവധി അഞ്ച് ശതമാനം മാത്രമെ വര്‍ധന പാടുള്ളൂവെന്ന നിയമം റദ്ദ് ചെയ്യപ്പെട്ടത് മുതലെടുക്കുകയാണിവര്‍.
സാമ്പത്തിക മാന്ദ്യത്തോടെ, ഉള്‍വലിഞ്ഞിരുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വീണ്ടും രംഗത്തുവന്നിട്ടുണ്ട്. ദുബൈയില്‍ വേള്‍ഡ് എക്‌സ്‌പോ ചൂണ്ടിക്കാട്ടി ചിലര്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു.
ഷാര്‍ജയില്‍ താമസയിടങ്ങള്‍ക്ക് വാടക ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന പരാതിയുണ്ട്. നിലവിലെ വാടകയില്‍ 20 ശതമാനത്തിലധികമാണ് വര്‍ധന വന്നിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുടുംബമായി കഴിയുന്ന മലയാളികളെയാണ്.
ദുബൈയില്‍ ജോലി ചെയ്ത് ഷാര്‍ജയില്‍ താമസിക്കുന്നവര്‍ ധാരാളം. ഇതാണ് ദുബൈ-ഷാര്‍ജ റോഡുകളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസം അനുഭവപ്പെടാന്‍ പ്രധാന കാരണം.
ആശുപത്രികള്‍, വന്‍കിട വ്യാപാര സമുച്ചയങ്ങള്‍, ബീച്ചുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, ബസ്‌സ്‌റ്റേഷന്‍, പാര്‍ക്കുകള്‍ തുടങ്ങിയവയുടെ സമീപ കെട്ടിടങ്ങളിലാണ് കൂടുതലും വര്‍ധന അനുഭവപ്പെടുന്നത്. വാടകയുടെ നിശ്ചിത ശതമാനം (വര്‍ഷത്തില്‍ 15,000 ദിര്‍ഹം വരെ വാടകയുള്ള ഫഌറ്റുകള്‍ക്ക് ശരാശരി 300 ദിര്‍ഹവും അതില്‍ കൂടുതല്‍ വാടകയുള്ളവക്ക് രണ്ട് ശതമാനം അധികമായും) നഗരസഭയില്‍ വാടകക്കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വര്‍ഷത്തില്‍ വേറെയും കൊടുക്കണം.
പുതുതായി ഷാര്‍ജയില്‍ ഫഌറ്റ് വാടകക്കെടുക്കുന്നവര്‍ക്ക് സേവ (ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) യില്‍ ഒരു ബെഡ് റൂം ഫഌറ്റിനു 1500 ദിര്‍ഹവും രണ്ട് ബെഡ് റൂം ഫ്‌ലാറ്റിന് 2,000 ദിര്‍ഹവും ഡിപ്പോസിറ്റായും അടക്കണം. വാടകക്കരാര്‍ അവസാനിപ്പിച്ച് നഗരസഭയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ, പ്രസ്തുത ഡെപ്പോസിറ്റ് തിരിച്ചുകിട്ടുകയുള്ളൂവെന്നാണ് നിയമം.
ഭാരിച്ച വാടക, കുട്ടികളുടെ വിദ്യാഭ്യാസം, യാത്ര, മറ്റു വീട്ടുചെലവുകള്‍, വര്‍ഷാന്ത്യത്തില്‍ നാട്ടില്‍ പോകുന്ന ചെലവ് എന്നിവക്കായി വലിയ ചെലവുകളാണ് പ്രവാസികള്‍ക്ക് വഹിക്കേണ്ടി വരുന്നത്.