ലഹരി ഉപഭോഗത്തിനെതിരെ യുവജന സംഘടന രൂപവത്കരിക്കുന്നു

Posted on: December 6, 2013 1:46 pm | Last updated: December 6, 2013 at 1:46 pm

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് ലഹരി ഉപഭോഗത്തിനെതിരെ യുവജന സംഘടന രൂപവത്കരിക്കുന്നു. ലഹരിയോടുള്ള യുവജനങ്ങളുടെ ആസക്തി, അധാര്‍മികമായ ജീവിതോപഭോഗം എന്നീ പ്രശ്‌നങ്ങളാണ് പുതിയ സംരംഭത്തില്‍ വിഷയമാകുന്നത്. യൂത്ത് എഗൈന്‍സ്റ്റ് അഡിക്ഷന്‍ ആന്‍ഡ് അബ്യൂസ് എന്നാണ് സംഘടനയുടെ പേര്. ചെറുപ്പത്തെ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് മോചിപ്പിച്ച് പൊതുനന്മക്ക് കര്‍മശേഷി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കോളജുകള്‍, സ്‌കൂളുകള്‍, യുവജന സംഘടനകള്‍, ക്ലബുകള്‍, ഗ്രാമസഭ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. കൗണ്‍സലിംഗ്, സെമിനാര്‍, നിയമസഹായം തുടങ്ങിയവ ലഭ്യമാക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വെള്ളിയാഴ്ച രണ്ടിന് സാമൂതിരി പി കെ എസ് രാജയും കെ വി ഇമ്പിച്ചഹമ്മദ് ഹാജിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഫാ ടി ഐ ജെയിംസ്, ഡോ സൂസന്‍ സേഥ്, ഡോ ലാംബര്‍ട്ട് കിഷോര്‍, ബി കെ അനശ്വര പങ്കെടുത്തു.