യമനില്‍ ചാവേറാക്രമണം; മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

Posted on: December 5, 2013 11:47 pm | Last updated: December 5, 2013 at 11:47 pm

bomb blastസന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി നഴ്‌സും. കോട്ടയം മണിമല കരിക്കാട്ടൂര്‍ ഇടമണ്ണേല്‍ രേണു തോമസ് (മായ) ആണ് മരിച്ച മലയാളി. സന്‍ആയിലെ പ്രതിരോധ മന്ത്രാലയ ഓഫീസ് കോംപ്ലക്‌സിലുള്ള ആശുപത്രിയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എഴുപതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മരിച്ചവരില്‍ രണ്ട് പേര്‍ വിദേശ നഴ്‌സുമാരാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചെത്തിയ ചാവേര്‍, ആശുപത്രി കവാടത്തില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രി പിടിച്ചെടുക്കാനുള്ള തീവ്രവാദികളുടെ ശ്രമം പിന്നീട് സുരക്ഷാ സേന തകര്‍ത്തു. ചാവേര്‍ സ്‌ഫോടനം വഴി കൂടുതല്‍ തീവ്രവാദികള്‍ക്ക് കോംപ്ലക്‌സിലേക്ക് കടക്കാന്‍ സൗകര്യം ചെയ്തു നല്‍കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് കാറുകളാണ് മന്ത്രാലയം കെട്ടിടത്തിലേക്ക് തീവ്രവാദികള്‍ ഓടിച്ചു കയറ്റിയത്. മരിച്ചവരില്‍ അധികവും സൈനികരാണ്. അല്‍ഖാഇദയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.