ദുബൈ വന്‍ കുതിപ്പിലേക്ക്‌

Posted on: December 3, 2013 7:20 pm | Last updated: December 3, 2013 at 7:20 pm

ദുബൈ: ദുബൈ വന്‍ സാമ്പത്തിക കുതിപ്പിലേക്കെന്ന് ദുബൈ ഇക്കണോമിക് കൗണ്‍സില്‍ റിപ്പോര്‍ട്ട്. 2013 രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തരോത്പാദനം 4.7 ശതമാനം ആകുമെന്ന് സെക്രട്ടേറിയല്‍ ജനറല്‍ അറിയിച്ചു. ഇത്, വിനോദസഞ്ചാര മേഖലയെ ത്വരിതപ്പെടുത്തും. മാത്രമല്ല, 2009 ലെയും 2010ലെയും സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ദുബൈ പൂര്‍ണമായും കരകയറിയതിന്റെ പ്രതിഫലനവുമാണ്.
പ്രാദേശിക സാമ്പത്തിക മേഖലയില്‍ കുതിപ്പുണ്ടാകുന്നതോടെ രാജ്യം തന്നെ ആഗോള വിനോദസഞ്ചാര മേഖലയിലെ ആകര്‍ഷക കേന്ദ്രമായി മാറും. ആദ്യത്തെ മൂന്ന് വര്‍ഷം 6.4 ശതമാനമായിരിക്കും എമിറേറ്റിന്റെ വരുമാന വര്‍ധന. വര്‍ഷം 2020 ആകുന്നതോടെ ഈ മുന്നേറ്റം പ്രതിവര്‍ഷം പത്തര ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. എക്‌സ്‌പോ 2020 ആരംഭിക്കുന്നതോടെ 3,500 കോടി ഡോളറായിരിക്കും എമിറേറ്റിനു ലഭിക്കുന്ന ലാഭം.
എക്‌സ്‌പോ പുത്തനുണര്‍വു പകരുന്ന മറ്റൊരു മേഖല ദുബൈയിലെ ഹോട്ടലുകള്‍ക്കായിരിക്കും. എമിറേറ്റില്‍ നിലവില്‍ 82000 മുറികളാണു ഹോട്ടലുകളില്‍ ഒരുക്കിയിട്ടുള്ളതെങ്കില്‍ 2020 ആകുന്നതോടെ ഇവയുടെ എണ്ണം ഒന്നരലക്ഷമായി ഉയരും. എമിറേറ്റിലെ ചെറുകിട-ചില്ലറ വൃാപാരികള്‍ക്കും എക്‌സ്‌പോ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു. എമിറേറ്റുകളിലെ പരമ്പരാഗത, ചെറുകിട, ചില്ലറ വിപണികളോട് സന്ദര്‍ശകര്‍ പ്രിയം വെക്കുന്നതോടെ ഈ മേഖലയിലും എക്‌സ്‌പോ പുരോഗതി പ്രദാനം ചെയ്യും.
രാജ്യാന്തര ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം എക്‌സ്‌പോയുടെ തിരിതെളിയുന്നതോടെ വിദേശ നിക്ഷേപം കുത്തനെ കൂടും. 15,000 കോടി ഡോളറിന്റെ വിദേശ നിക്ഷേപം വരെ രാജ്യത്തുണ്ടാകും. വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മേഖലയിലെ നിക്ഷേപത്തിലും കുതിപ്പുനല്‍കുന്നതാണ് എകസ്‌പോ 2020. ദുബൈയില്‍ ബഹുവിധ പദ്ധതികള്‍ ആരംഭിക്കുന്നതോടെ പ്രാദേശിക ബാങ്കുകളിലും ഇതിന്റെ ചലനങ്ങളുണ്ടാകും. 30,000 കോടി വരെ അധിക വായ്പ നല്‍കാന്‍ ബാങ്കുകള്‍ പ്രാപ്തിനേടും. ഉദാരവായ്പാ നയം നടപ്പാക്കുകയും ധനവിനിമയ സ്ഥാപനങ്ങളുടെ നിക്ഷേപ മേഖലയില്‍ മൂല്യം കൂടുകയും ചെയ്യാനും വരും നാളുകളുലെ എക്‌സ്‌പോ മുന്നൊരുക്കങ്ങള്‍ കൊണ്ടാകും. വിവിധ രംഗങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ഈ ആഗോള പ്രദര്‍ശന മാമാങ്കത്തെ പ്രതീക്ഷയോടെയാണു പ്രവാസികളും കാണുന്നത്.
വ്യോമ മേഖലയില്‍ വന്‍ മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബൈ വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി വിനോദ സഞ്ചാരികളും സന്ദര്‍ശകരും പ്രവഹിക്കും. ജബല്‍ അലി അല്‍ മക്തൂം വിമാനത്താവളം കൂടി യാഥാര്‍ഥ്യമായതോടെ വ്യോമമേഖലയിലെ പുരോഗതിക്കു ആക്കം കൂട്ടും. 2020 ഒക്‌ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയാണു ദുബായ് എക്‌സ്‌പോ 2020 ക്ക് വേദിയാവുക. ഇക്കാലയളവില്‍ രണ്ടരകോടി ജനങ്ങള്‍ എമിറേറ്റിലേക്കു അധികമെത്തും. ഇവരില്‍ 75 ശതമാനവും എമിറേറ്റുകള്‍ക്കു പുറത്തു നിന്നുള്ളവരായിരിക്കുമെന്നതു പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്.
1851 ല്‍ ലണ്ടനില്‍ ആരംഭിച്ച പ്രഥമ എക്‌സ്‌പോ പ്രദര്‍ശനത്തിന്റെ ചരിത്രത്തില്‍ ആതിഥേയ രാജ്യത്തിന്റെ പുറത്തുനിന്നും ഇത്രയും പേര്‍ പ്രദര്‍ശനത്തിനെത്തുന്നതു ആദ്യമാണെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ റിപ്പോര്‍ട്ട്.

ALSO READ  ദുബൈ യാത്ര; നിബന്ധനയിൽ കൂടുതൽ ഇളവുകൾ