Connect with us

Kozhikode

യു പി എസ് എ റാങ്ക് ഹോള്‍ഡേഴ്‌സ് ഡി ഡി ഓഫീസ് ധര്‍ണ നടത്തും

Published

|

Last Updated

കോഴിക്കോട്: യു പി എസ് എ തസ്തികയിലെ അധ്യാപക നിയമനം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി തടസ്സപ്പെടുത്തുന്ന ജില്ലാ വിദ്യഭ്യാസ ഓഫീസ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചിന് ഡി ഡി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് യു പി എസ് എ റാങ്ക് ഹോള്‍ഡേഴ്‌സ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്പതോളം ഒഴിവുകളുണ്ടായിട്ടും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പ്രതികാരബുദ്ധിയോടെയുള്ള സമീപനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ചില ഉന്നതര്‍ സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
വിജ്ഞാപനം കഴിഞ്ഞ് അഞ്ച് വര്‍ഷവും ലിസ്റ്റ് പ്രസിദ്ധീകരിച്ച് പത്ത് മാസവും പിന്നിട്ടിട്ടും ജില്ലയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ അഞ്ച് നിയമനങ്ങള്‍ ഉള്‍പ്പെടെ 11 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. ഇതേ കാലയളവില്‍ നിലവില്‍ വന്ന മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യഥാക്രമം 183ഉം 67ഉം നിയമനങ്ങള്‍ നടന്ന സാഹചര്യത്തിലാണ് കോഴിക്കോട്ട് വെറും 11 പേരെ മാത്രം നിയമിച്ചത്. പ്രസ്തുത ലിസ്റ്റില്‍പെട്ട ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും ഇനിയൊരു പി എസ് സി പരീക്ഷ എഴുതാനുള്ള പ്രായപരിധി പിന്നിട്ടവരാണ്. യു പി എസ് എ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടും പ്രസ്തുത തസ്തികയിലെ 183 സംരക്ഷിത അധ്യാപകരെ ടീച്ചേഴ്‌സ് ബേങ്കിലേക്കോ മാതൃസ്‌കൂളിലേക്കോ പുനര്‍വിന്യാസം നടത്താന്‍ തയ്യാറാകുന്നില്ല. താത്കാലികാടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ അധ്യാപകരെ നിയമിച്ച് പി എസ് സിക്ക് റിപ്പോര്‍ട്ട് നല്‍കാതെ ഒഴിവുകള്‍ മൂടിവെക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.