Connect with us

Education

ഏകീകൃത ചുരുക്കപ്പട്ടിക പിഎസ് സി നിര്‍ത്തലാക്കി

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി നിയമനങ്ങള്‍ക്ക് ഇനി മുതല്‍ ഏകീകൃത ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചു. പ്രാഥമിക ഘട്ടത്തില്‍ തന്നെ മെയിന്‍ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ് എന്നീ ക്രമത്തില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മെയിന്‍ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുത്തിയായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
ഡെപ്യൂട്ടി കലക്ടര്‍, എസ് ഐ റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പി എസ് സിയുടെ തീരുമാനം. ഉയര്‍ന്ന തസ്തികകള്‍ക്കുള്ള നിയമനത്തിനാണ് ഒ എം ആര്‍ പരീക്ഷയും വിവരണാത്മക പരീക്ഷയും പി എസ് സി നടത്തിയിരുന്നത്. പ്രാഥമിക ഒ എം ആര്‍ പരീക്ഷയില്‍ ലഭിച്ച നിശ്ചിത മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സംവരണ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഏകീകൃത ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയിരുന്നത്. ഇതിനുശേഷം വിവരണാത്മക പരീക്ഷ നടത്തുമ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന സംവരണ വിഭാഗക്കാര്‍ക്ക് ഇന്റര്‍വ്യൂവിനുള്ള അന്തിമ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ മുന്‍ഗണനയും ലഭിച്ചിരുന്നു. ഇത്തരത്തില്‍ സപ്ലിമെന്ററി ലിസ്റ്റിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അന്തിമ ചുരുക്കപ്പട്ടികയില്‍ മുഖ്യ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍, ഡെപ്യൂട്ടി കലക്ടര്‍ തസ്തികയുടെ ചുരുക്കപ്പട്ടിക ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മുന്നാക്ക വിഭാഗക്കാരായ പതിമൂന്ന് പേര്‍ മുഖ്യ പട്ടികയില്‍ ഇടം പിടിച്ചത് വിവാദമാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ സപ്ലിമെന്ററി ലിസ്റ്റിലേക്ക് തരംതാഴ്ത്താന്‍ പി എസ് സി തീരുമാനിച്ചത്. പി എസ് സിയുടെ പുതിയ തീരുമാനപ്രകാരം പിന്നാക്ക വിഭാഗക്കാര്‍ക്ക് ലഭിച്ചുവന്നിരുന്ന ആനൂകൂല്യം ഇനി ലഭിക്കില്ലെന്ന് ഉറപ്പായി.

Latest