മലയോര വികസനത്തിന് 18 കോടി അനുവദിച്ചു: എന്‍ ഡി അപ്പച്ചന്‍

Posted on: December 2, 2013 1:43 pm | Last updated: December 2, 2013 at 1:43 pm

കല്‍പറ്റ: മലയോര വികസന ഏജന്‍സി 2013-14 വര്‍ഷത്തില്‍ ജില്ലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും കുടിവെള്ളം, ചെക്ക്ഡാം, റോഡുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുമായി ഈ വര്‍ഷം 17.67 കോടി രൂപ വകയിരുത്തിയതായി വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍ അറിയിച്ചു.
20 റോഡുകള്‍ക്ക് 1.90 കോടി രൂപയും കുടിവെള്ളത്തിന് 25 ലക്ഷവും ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് 1.80 കോടിയും, ആര്‍ഐഡിഎഫില്‍ നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തി ചെയ്യുന്നതിന് 41 റോഡുകള്‍ക്ക് 13.72 കോടിയുടെ പ്രൊപ്പോസലും സമര്‍പ്പിച്ചിട്ടുണ്ട്. ഇതുജനുവരിയില്‍ പ്രവര്‍ത്തി തുടങ്ങും.
പിന്നോക്ക മേഖലയായ ജില്ലയില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മാര്‍ക്കറ്റ് നിര്‍മ്മിച്ച് വിപണനം നടത്തുന്നതിന് ഒരുബ്ലോക്കിന് 26 ലക്ഷം രൂപവീതവും അനുവദിച്ചിട്ടുണ്ട്. സഹ്യശ്രീ പദ്ധതിയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ബ്ലോക്കിലെ എസ്എച്ച്ജിഎസ് ഗ്രൂപ്പുകള്‍ക്ക് രണ്ടുലക്ഷം വീതവും, വ്യക്തികള്‍ക്ക് 15000 രൂപവീതവും വകയിരുത്തി ബാങ്കുമായി ബന്ധപ്പെടുത്തികൊണ്ട് ലോണ്‍ അനുവദിക്കുന്നതാണ്. പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, പോള്‍ട്ടറി ഫാം, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി, നെല്‍കൃഷി, വാഴ തുടങ്ങിയ കാര്‍ഷിക മേഖലയില്‍ ഏറ്റെടുക്കാവുന്ന പരമാവധി പദ്ധതികള്‍ കൂടി നടപ്പാക്കുന്നതിന് 149 പഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതാണ്.
വയനാടിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വികസന രംഗത്ത് വന്‍നേട്ടങ്ങളുണ്ടാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് മലയോര വികസന ഏജന്‍സി മുന്നോട്ടുപോകുമെന്ന് വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.