തീരദേശത്തെ നിര്‍മാണത്തിന് കര്‍ശന നിയന്ത്രണം

Posted on: December 1, 2013 8:20 am | Last updated: December 1, 2013 at 8:35 am

Odayam Beach near Varkala, Keralaമലപ്പുറം: തീരപ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിട നിര്‍മാണങ്ങള്‍ക്കും നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. കേന്ദ്ര സര്‍ക്കാറിന്റെ 1991ലെയും 2011ലെയും തീരദേശ പരിപാലന നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ്.
തീരദേശ മേഖലയില്‍ വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. അല്ലാതെ നടക്കുന്ന വികസന, കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമ വിരുദ്ധമായും ഇതിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം നടത്തുന്നതായും കണക്കാക്കും. പുതിയ നിയമത്തിന്റെ ഭാഗമായി തീരദേശത്തെ പല നിയന്ത്രണ മേഖലകളാക്കി തിരിച്ച് ഇവിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അതോറിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രീം കോടതിയും ഹൈക്കോടതിയും ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട് വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ കൃത്യമായും, കാര്യക്ഷമമായും പരാതി കൂടാതെ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തിലും പരമോന്നത കോടതികളുടെ പരാമര്‍ശത്തിന്റെ വെളിച്ചത്തിലും സി ആര്‍ സെഡ് നിബന്ധനകള്‍ പാലിക്കപ്പെടാത്തത് അത്യന്തം ഗൗരവതരമായി കാണുമെന്നും ഇതിനെതിരെ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. സി ആര്‍ സെഡ് ക്ലിയറന്‍സിനായി കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേനെയാണ് അപേക്ഷ നല്‍കേണ്ടത്. ഇതോടൊപ്പം പദ്ധതിയുടെ വിശദമായ വിവരങ്ങളും അടങ്കല്‍ തുക സംബന്ധിച്ച വിശദാംശങ്ങളും നല്‍കണം. പ്രസ്തുത അപേക്ഷ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തിയ രേഖ സഹിതം കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ പരിഗണനക്കായി നല്‍കേണ്ടതാണ്. വീട് നിര്‍മാണത്തിനും ഈ നിബന്ധകള്‍ പാലിക്കണ്ടതാണെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണത്തിന് അനുമതി നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഈ വിഷയത്തില്‍ 2011ലെ തീരദേശ നിയന്ത്രണ നിയമത്തില്‍ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കേണ്ടതാണ്.