Connect with us

Malappuram

വേങ്ങരയില്‍ ഭരണ സമിതിക്കെതിരെ ലീഗ് അംഗങ്ങള്‍ രംഗത്ത്‌

Published

|

Last Updated

വേങ്ങര: ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയില്‍ കലാപക്കൊടി. ഒരു വിഭാഗം ലീഗ് അംഗങ്ങള്‍ തന്നെ ഭരണസമിതിക്കെതിരെ രംഗത്ത്. ഗ്രാമ പഞ്ചായത്ത് ഭരണം സ്തംഭനത്തിലാണെന്നും ഭരണസമിതിയുടെ പിടിപ്പുകേട് കാരണം നിരവധി പേര്‍ക്ക് വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് തടസമായതായും ചൂണ്ടിക്കാട്ടിയാണ് ഈ വിഭാഗം പരസ്യമായി രംഗത്ത് വന്നത്. ഇതുസംബന്ധിച്ച് ആരോപണങ്ങളടങ്ങിയ പത്രകുറിപ്പ് ഇന്നലെ അംഗങ്ങള്‍ തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കി. ആറാം വാര്‍ഡ് അംഗം പി അബ്ദുലത്വീഫ്, പതിനൊന്നാം വാര്‍ഡ് അംഗം എ കെ സലീം, പന്ത്രണ്ടാം വാര്‍ഡ് അംഗം കെ കെ ഫാത്വിമ, ഇരുപതാം വാര്‍ഡ് അംഗം തോട്ടശ്ശേരി മൊയ്തീന്‍കോയ എന്നിവര്‍ ഒപ്പുവെച്ച ഭരണസമിതിയുടെ നിലപാടിനെതിരെയുള്ള വാര്‍ത്തയാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്. യു ഡി എഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ ലീഗ് അംഗമായ പ്രസിഡന്റ് കെ പി ഹസീനഫസലിനെ മാറ്റാനുള്ള ഒരു വിഭാഗം ലീഗ് അംഗങ്ങളുടെയും നേതാക്കളുടെയും ശ്രമം വിഫലമായതിന് തൊട്ടുപിറകെയാണ് ഗ്രാമ പഞ്ചായത്തില്‍ ഭരണ സ്തംഭനമുള്ളതായി ആരോപിച്ച് അംഗങ്ങള്‍ തന്നെ രംഗത്ത് വരുന്നത്.
അതേ സമയം പഞ്ചായത്ത് മുസ്‌ലിംലീഗിലും ചേരിപ്പോര് രൂക്ഷമായിട്ടുണ്ട്. മണ്ഡലം ലീഗ് നേതാവിന്റെ മകന്‍ ആരംഭിക്കുന്ന കച്ചവട സ്ഥാപനത്തിലെ ചുമട്ട്‌തൊഴിലാളി പ്രശ്‌നത്തില്‍ മറ്റു ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് എസ് ടി യു വും സമരത്തില്‍ പങ്കാളിയാകുന്നതും ഇതേ നേതാവിന്റെ കുടുംബം ദാനമായി നല്‍കിയ കൃഷിവകുപ്പിന്റെ കൈവശമുള്ള ഭൂമിസംബന്ധമായ അവകാശവാദത്തില്‍ പ്രാദേശിക ലീഗ് നേതാക്കള്‍ ഇരുചേരികളാവുകയും ഒരു വിഭാഗത്തിനെതിരെ മറുപക്ഷം പഴയ രേഖകള്‍ പൊടിതട്ടിയെടുത്തതും ലീഗില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചുമട്ട് തൊഴിലാളി പ്രശ്‌നത്തില്‍ മറുവിഭാഗത്തിനെതിരെ ഈ വിഭാഗത്തിന്റെ പിന്തുണയോടെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പാണക്കാട്ട് പരാതിയുമായി എത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ പ്രസിഡന്റ് മാറ്റം ലക്ഷ്യമിട്ട് പാര്‍ട്ടിക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനം വഹിക്കുന്നവര്‍ തന്നെ രാജിക്കത്തും പ്രസിഡന്റ് മാറ്റ നിവേദനവും നല്‍കിയിരുന്നെങ്കിലും ഏറെ കോലാഹലങ്ങള്‍ക്ക് ശേഷം ഹസീന ഫസലിനെ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ മുതലെടുത്ത് ഗ്രൂപ്പ് പോര് ശക്തമാക്കാനും നീക്കമുണ്ട്.

Latest