Connect with us

Malappuram

ലീഗ് വൈസ് പ്രസിഡന്റിനുള്ള പിന്തുണ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്‍വലിച്ചു

Published

|

Last Updated

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടില്‍ അശ്‌റഫിനുള്ള പിന്തുണ കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങള്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ചുള്ള കത്ത് ഇന്നലെ അംഗങ്ങള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. 17 അംഗങ്ങളുള്ള നന്നംമുക്ക് പഞ്ചായത്തില്‍ യു ഡി എഫിന് ഒമ്പതും എല്‍ ഡി എഫിന് എട്ടും അഗങ്ങളാണുള്ളത്.
കോണ്‍ഗ്രസിലെ ആറ് അംഗങ്ങളില്‍ മൂന്ന്‌പേര്‍ വിമത പക്ഷത്തായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം നേരത്തെ യു ഡി എഫിന് നഷ്ടമായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ നന്നംമുക്കിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ധാരണയിലെത്തുകയും വിമത വിഭാഗത്തിനെതിരെയുള്ള നടപടികള്‍ ക്രമേണ പിന്‍വലിക്കാനുള്ള തീരുമാനവുണ്ടാവുകയും ചെയ്തിരുന്നു. ഈസമയത്ത് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീഗിലെ കാട്ടില്‍ അശറഫ് കോണ്‍ഗ്രസ് വിമത വിഭാഗത്തിന്റെ കൂടി പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പിന്നീട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാതെ വീണ്ടും രൂക്ഷമായി. ഇതിനെ തുടര്‍ന്ന് കെ സി അഹമ്മദ് സാഹിബ് അനുസ്മരണ പരിപാടി കോണ്‍ഗ്രസും വിമത വിഭാഗവും വെവ്വേറെ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിമതവിഭാഗത്തിന്റെ കെ സി അഹമ്മദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാമെന്ന് വൈസ് പ്രസിഡന്റ് കാട്ടില്‍ അശറഫ് ഏറ്റിരുന്നു. അവസാന നിമിഷം പരിപാടിയില്‍നിന്നും പിന്‍മാറിയത് വിമത വിഭാഗത്തെ ചൊടിപ്പിച്ചു.
ഇതില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റിനുള്ള പിന്തുണ വിമത വിഭാഗത്തിലെ വി പി ഹംസ, സുമ മുരളീധരന്‍, ഇന്ദിര ചന്ദ്രന്‍ എന്നിവര്‍ പിന്‍വലിച്ചത്. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷൈബ, ക്ഷേമകാര്യ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ക്കുള്ള പിന്തുണയും ഇന്ന് പിന്‍വലിക്കുമെന്ന് വിമത വിഭാഗം വ്യക്തമാക്കി. ഇതോടെ നന്നംമുക്കില്‍ വീണ്ടും അവിശ്വാസ പ്രമേയങ്ങള്‍ക്ക് സാധ്യത തെളിയുകയാണ്. സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിമത വിഭാഗം പിന്തുണക്കുകയും യു ഡി എഫിന് ഭരണത്തിലുള്ള പങ്കാളിത്തം പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്യും. നന്നംമുക്കിലെ വിമത കോണ്‍ഗ്രസ് വിഭാഗം ഇരുപക്ഷത്തുമല്ലാത്ത അവസ്ഥയിലാണ് നില്‍ക്കുന്നത്.
ഇപ്പോഴത്തെ നടപടിയിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനാണ് വിമത വിഭാഗത്തിന്റെ ഇപ്പോഴത്തെ നീക്കം. ഇതോടെ നന്നംമുക്കിലെ പ്രശ്‌നങ്ങള്‍ വരും ദിവസങ്ങളില്‍ വീണ്ടും സജീവമാകും. പിന്തുണ പിന്‍വലിക്കുന്നതിനെകുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്നും അനുസ്മരണ ചടങ്ങില്‍ വൈസ് പ്രസിഡന്റ് പങ്കെടുക്കാത്തതെന്താണെന്ന് അറിയില്ലെന്നും ലീഗ് നേതൃത്വം പറഞ്ഞു.